സ്മിതി!


“..ബിനു.. നിനക്കിനി സത്യം പറയാതെ നിവൃ‌ത്തിയില്ല..
..അവള്‍.. അവളുടെ തെറ്റ് സ്വയം സമ്മതിച്ചുകഴിഞ്ഞു.
..പറയ്..എന്തിനാണിങ്ങനെ ചെയ്തത്?..”

“.. ഹ്..ഇല്ല സര്‍..
..ഞാന്‍ തെറ്റ് ചെയ്യില്ല..
..ആ പെണ്‍കുട്ടി തെറ്റ് ചെയ്തതായി സമ്മതിച്ചുവെന്നത് കള്ളമാണ്..
..കാരണം, ഇവിടെ ആരും തെറ്റ് ചെയ്തിട്ടില്ല..
..ഇതേ എനിക്കിപ്പഴും പറയാനുള്ളൂ..”

സ്മിതി..(നോണ്‍ലീനിയറായിട്ട് കഥപറയുവാണെന്ന് കാണിക്കാന്‍ ആദ്യംതന്നെ ഇടയ്ക്കുള്ള ഒരു ഡയലോഗ് എടുത്ത് കോപ്പിപേസ്റ്റ് ചെയ്തതാണ്. ഇനി, ശരിക്കും തുടക്കം)

അക്കാലത്ത്, ബിനു കോതമംഗലത്തുള്ള ഒരു എഞ്ചിനയറിങ്ങ് കോളേജില്‍ ചേര്‍ന്ന്. ഇപ്പഴത്തെ ന്യൂജെനറേഷന് അറിയുമോയെന്നറിയില്ല. അന്നൊക്കെ മണോരമപ്പത്രത്തിന്റെയൊപ്പം ഞായറാഴ്ചകളില്‍ മാത്രം ഒരു കുഞ്ഞുബുക്ക് കൂടി കിട്ടുമായിരുന്നു. മണോരമശ്രീ. അതിന്റെയുള്ളില്‍ മൊത്തം ജീവിതത്തില്‍ വിവിധമേഖലകളില്‍ വമ്പന്‍നേട്ടങ്ങള്‍കൊയ്തവരുടെ ജീവചരിത്രങ്ങളാണ്. ഞായറാഴ്ചകളില് ഇതുവായിച്ചുണ്ടാകുന്ന ഗൂസ്ബമ്പ് സഹിക്കവയ്യാതായപ്പോ, എങ്കിശെരി ശാസ്ത്രസാങ്കേതികരംഗത്ത് പുരോഗതിപ്രാപിച്ച് ദിതില്‍ പടവും വാര്‍ത്തേം വരുത്തുമെന്ന് അസ്തമയസൂര്യനെ സാക്ഷിനിര്‍ത്തി ഞങ്ങ മുറ്റ്ടീംസ് മൂന്നെണ്ണം ദൃഢപ്രതിജ്ഞയെടുത്തതിന്റെ സ്വപ്നസാക്ഷാല്‍ക്കാരം,ആദ്യചവിട്ടുപടി, അതായിരുന്നു അവന് ആ എഞ്ചിനിയറിങ്ങ് കോളേജ്. ഞങ്ങളീ പ്രതിജ്ഞയെടുത്തതിന്റെ പിറ്റേന്നുതന്നെ മാമന്‍മാത്യു സ്റ്റാറ്റസ്മീറ്റീങ്ങ് വിളിച്ചുകൂട്ടി മണോരമശ്രീ നിര്‍ത്തലാക്കണമെന്ന് ഓര്‍ഡറിട്ടകാര്യം ശത്രുക്കള്‍ പറഞ്ഞ് പിന്നീടറിഞ്ഞു. അതുപൊട്ടെ.. എഞ്ചിനിയറിങ്ങ് കോളേജ് ! വിവിധയിനം പ്രൊഫസ്സേഴ്സ്സില്‍നിന്നും ഉത്ഭവിച്ച് ക്ളാസ്സ്റൂമിലെ മുക്കിലുംമൂലയിലും അലയടിക്കുന്ന ടെക്നോളജി അതിന്റെ ഒരിറ്റും ചോര്‍ന്നുപോകാതെ സകലതും സ്വാംശീകരിക്കുന്നതിനായി കണ്ണും കാതും കൂര്‍പ്പിച്ച് കൂര്‍പ്പിച്ച് അവസാനം മോന്തയുടെ ഷേയ്പ്പ് വരെ മാറിത്തുടങ്ങിയിരുന്ന ആ നല്ല നാളുകള്‍. താന്‍ പഠിക്കുന്ന ക്ളാസ്സില്‍ പത്തറുപത്തഞ്ച് കുട്ടികളുണ്ടെന്നോ അതില്‍ ഇരുവത്തിമൂന്നെണ്ണം പെണ്‍പിള്ളേരാണെന്നോ അതില്‍ത്തന്നെ പതിനാലെണ്ണം കോളേജ് ലേഡീസ്ഹോസ്റ്റലില്‍നിന്നാണ് വരുന്നതെന്നോ ഒന്നും ശ്രദ്ധിക്കാതെ പഠനത്തില്‍മാത്രം ഊന്നല്‍നല്‍കിയിരുന്ന ബിനു എന്നും ക്ളാസ്സിലെ ബാക്കി അലമ്പ്സെറ്റുകള്‍ക്കിടയില്‍പ്പെടാതെ ഏകാന്തത അനുഭവിക്കുമായിരുന്നുവെന്നുള്ളത് അവനെ തളര്‍ത്തിയില്ല. ഫ്രീടൈമില്‍ കോളേജുലൈബ്രറിയുടെ തണുത്തിരുണ്ട ചുവരുകള്‍ക്കിടയില്‍ തനിക്കിഷ്ടപ്പെട്ട തടിമാടന്‍പുസ്തകങ്ങള്‍ മറിച്ചുനോക്കുമായിരുന്ന ബിനുവിന്റെ കണ്ണുകളിലെ തിളക്കം അന്നത്തെ ലൈബ്രറിയന്‍ ഇന്നും സ്മരിക്കുന്നു. എലെക്ട്രോണിക്സ് ലാബിലെ ബ്രെഡ്ബോഡ് എന്നും അവനൊരു..

ങ്ങേ. ആരെത്തോല്‍പ്പിക്കാനാണെന്നോ?
അതുശെരി! നിര്‍ത്തി.

വണ്ണാന്റു സെമസ്റ്ററില്‍ എഞ്ചിനിയറീങ്ങ്‌ വിദ്യാര്‍ത്ഥികളെല്ലാം ഒന്നുപോലെ. ആമോദത്തോടെ വസിക്കുംകാലം ആപത്തങ്ങാ.. ശ്ശെ!. ജീവിതത്തിലെ ശനിദശേം തീര്‍ത്തിട്ടാണ് എല്ലാം അവിടെ എത്തിയിരികുന്നത്. എഞ്ചിനിയറീങ്ങ് എന്‍ട്രന്‍സ് പാസാവാനായി ലോകത്തില്ലാത്ത സകലതുംപഠിച്ച് തലവീര്‍ത്ത് വീര്‍ത്ത് അത് പൂര്‍വ്വസ്ഥിതിയിലെത്താന്‍ ഏകദേശം ഒരുകൊല്ലമെടുക്കും .ആ ഗ്യാപ്പില്‍ വരുന്നതാണ് ഈ വണ്ണാന്റു സെമസ്റ്റര്‍. അതുകൊണ്ട് വെടിക്കുറ്റിയില്‍ വെടിമരുന്നുതിരുകുന്ന ആവേശത്തോടെ പതിനാറ് സബ്ജക്റ്റാണ് ഗാന്ധിജി യൂണിവേഴ്സിറ്റി ഈ പതിനാറു തികയാത്ത പൈതങ്ങള്‍ക്ക് പ്രാരബ്ദമായി പതിച്ചുനല്‍കിയത്.(പ മയം!) .പതിനാറുസബ്ജെക്റ്റില്‍ നാലെണ്ണം ലാബ് ആണ്. ലാബെന്നു പറഞ്ഞാല്‍ ആശാരി, പൂശാരി, മൂശാരി, കല്ലാശാരി, മരപ്പണി, കൊല്ലപ്പണി,മെയ്ക്കാട്ടുപണി, വണ്ടിപ്പണി ,വാര്‍ക്കപ്പണി മുതലായ സകലതും, ഇതുവരെ കേ‌ള്‍ക്കാത്ത ഒരു ഇംഗ്ളീഷ് പേരുമിട്ട് പിള്ളേരെക്കൊണ്ട് ചെയ്യിപ്പിക്കുന്ന ഏര്‍പ്പാട്. അതിലൊന്നാണ് സ്മിതി.

മക്കളെ എഞ്ചിനിയറിങ്ങ് പഠിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കളോടെ ബിനൂന് ഒന്നേ പറയാനുള്ളൂ. പിള്ളേര്‍ക്ക് യൂ.വി.ഡബ്ളിയു.എക്സ്.വയ്യ്.ജഡ്. എന്നീ അക്ഷരങ്ങളൊന്നും വെച്ച് പേരിടല്ല്. ഇനി പേരിട്ടാല്‍തന്നെ അവനെ മെക്കാനിക്കലൊഴിച്ചുള്ള എഞ്ചിനിയറിങ്ങ്‌ സ്ട്രീമിലേയ്ക്കൊന്നും കേറ്റിവിടല്ല്. വിട്ടാലെന്താണെന്നോ? വിട്ടാല്‍ അവന്‍ വണ്ണാന്റു സെമസ്റ്ററില്‍ ലാബ് ചെയ്യുമ്പോ ഗേള്‍സ്ബാച്ചില്‍ ചെന്നുപെടും. ഗേള്‍സിലെ ഓരോരുത്തിയും കൂട്ടത്തിലെ ജിമ്മനെനോക്കി പരിചയപ്പെടും. ലാബ് മൊത്തം അവനെക്കൊണ്ട് ചെയ്യിക്കും. ആല്‍മാര്‍ത്തതമൂത്ത് ഇവന്‍ ചത്ത്പണിചെയ്യും. അവസാനം ലാബ് തീരുമ്പോ അവള്‍ക്ക് അവനേക്കാളും മാര്‍ക്കുകിട്ടും. മാര്‍ക്ക്‌ലിസ്റ്റ് കിട്ടിയവഴി നേരെ അവള്‌വന്ന് “ഡാ നിന്നെ ഞാന്‍ ജസ്റ്റ് ഒരു ഫ്രണ്ടായിട്ടേ കണ്ടിട്ടുള്ളൂന്ന്” പറയും. വെഷമംമാറ്റാന്‍ ഇവന്‍ ബാറില്‍പോകും. കുടിതുടങ്ങും. വലിതുടങ്ങും. ഒരു ശരാശരി പുകവലിക്കാരന്റെ ശ്വാസകോശമെടുത്ത് ചുരുട്ടിപിഴിഞ്ഞാല്‍ അതില്‍ നിന്ന് കിട്ടുന്ന ടാര്‍ ഇത്രത്തോളംഉണ്ടാകും. നിങ്ങളുടെ മോനെ ഒരു രോഗിയാക്കാന്‍ അതുമതി. വലിയരോഗി..

പേരിലെ സ്പെല്ലിങ്ങ് ഒന്നുകൊണ്ട് മാത്രമാണ് ഇതെല്ലാം സംഭവിച്ചതെന്ന് ഓര്‍ത്താല്‍നന്ന്. അല്ലെങ്കില്‍ പിന്നെ ബിനൂനെപ്പോലെ മനശക്തിയുള്ളവനായിരിക്കണം. എന്നാലും ഇപ്പ ഗാന്ധിജി യൂണിവേഴ്സിറ്റിയില്‍ എങ്ങനെയാണെന്നറിഞ്ഞൂട. റോള്‍ നമ്പര്‍ ഇടുമ്പോ ഗേള്‍സും ബോയ്സും ഇടകല‌ര്‍ന്നാണ് വരുന്നതെന്ന് കേള്‍ക്കുന്നു. യൂ മുതല് ജെഡ് വരെയുള്ളവന്മാര്‍ക്കെതിരേ അസൂയപൂണ്ട്, ഏ മുതല്‍ ടീ വരെയുള്ളവന്മാരു പോയി ദയാഹര്‍ജി സമര്‍പ്പിച്ചട്ടാണോ, അതോ ഞങ്ങ മാത്രം അനുഭവിച്ചാപ്പോരാ ആ തെണ്ടികളങ്ങനെ സുഖിക്കണ്ട എന്നുചിന്തിച്ച് യൂ-ജെഡ്ഡുകാര് കേസുകൊടുത്തതാണോ എന്നൊന്നും അറിയില്ല. എന്നാലും അക്കാലത്ത് സെറ്റപ്പ് വേറെയാര്‍ന്ന്.

അക്കാലത്ത്, ബിനൂന്റെ പേരും യൂനും ഡഭ്ലിയൂനും നടുക്കുള്ള ബി വെച്ചാണല്ലോ സ്റ്റാര്‍ട്ട് ചെയ്യുന്നത്. തദ്വാര ബിനൂം പരീക്ഷണം നേരിട്ടുട്ടുണ്ട്. എലെക്ട്രിക്കല്‍ലാബിലെ ഏതോ ഒരു ഠഫ് വയറിങ്ങ് പ്രോബ്ളം നൊടിയിടയില്‍ സോള്‍വ് ചെയ്തിട്ട് കണക്ഷനൊക്കെ ഡബിള്‍ചെക്ക് ചെയ്ത് നില്‍ക്കുന്നതിനിടയിലാണെന്ന് തോന്നുന്നു, ക്ളാസ്സില്‍വെച്ച് കണ്ടുപരിചയംമാത്രമുള്ള ഒരു മുഖം, ഒരു ചങ്ങനാശ്ശേരിക്കാരി റിയ മേരി ജോര്‍ജ്ജ് എന്നോമറ്റോ പേരായ ഒരു പെണ്‍കുട്ടിവന്നിട്ട് ഈ കൂടിയ ഇനം ഗേജുള്ള എലെക്ട്രിക്‌വയറിന്റെ ഇന്‍സുലേഷം തുമ്പ് കടിച്ചുപറിച്ചുകളയാമോ എന്നു ചോദിച്ചു. ഞാനീ ചെയ്യുന്ന സഹായം എന്റെ അറിവുവര്‍ദ്ധിപ്പിക്കുമല്ലോ എന്ന ഒറ്റചിന്തയാല്‍ ഞാനാ പെണ്‍കുട്ടി കൊണ്ടുവന്ന സകലമാന കേബിളിന്റെയും ഇന്‍സുലേഷം തുമ്പ് കടിച്ചുപറിച്ച്കളഞ്ഞു. ആ സഹായംകൊണ്ട് എന്റെ ഫ്രണ്ടിലെ പല്ലു സ്വല്പ്പം എളകിയതല്ലാതെ എന്റെ മാര്‍ക്കൊന്നും പോയില്ല. സര്‍വ്വോപരി ബിനൂന് മനശക്തിയുമുണ്ടല്ലോ.

ലാബുകള്‍ കറങ്ങിത്തിരിഞ്ഞ് സ്മിതിയെത്തി. സ്മിതിയെന്നു പറഞ്ഞാല്‍ മൂശാരിപ്പണിയാണ്. കൊല്ലന്റെ ആല. കല്‍ക്കരിചൂളയിലെ 1500 ഡിഗ്രി സെല്ഷ്യസില് ഇരുമ്പ് ചുട്ടുപഴുക്കുമ്പോള്‍ അത് കൊല്ലന്റെ മനസ്സായിമാറുന്ന പ്രക്രിയ.(വ്വ!).. മീന്‍ടൈം, ലാബായ ലാബിലെല്ലാം ബിനുവും പിന്നെ രണ്ടൂന്ന് അപ്പാവിടൈപ്പ് ഇനങ്ങളെയുമൊഴികെ ബാക്കിയുള്ള സകലവന്മാരേം ഓരോരുത്തിമാര് റിക്രൂട്ട് ചെയ്ത് പെര്‍മനെന്റാക്കിവെച്ചിരുന്നു. പെര്‍മനെന്റ് എംപ്ലോയീസ് വരാത്തദിവസങ്ങളിലാണ് കൊണ്ട്രാക്റ്റ് ബേസിസില്‍ ഓരോന്നുങ്ങളെ വിളിച്ചോണ്ടുപോകുന്നത്. അന്നെന്റെ ഫ്രണ്ട് പല്ലിളകിയതും അങ്ങനെയാണ്. സ്മിതിയില്‍ പല്ലുവെച്ചുള്ള അഭ്യാസമൊന്നുമില്ല. അതിന് ജിമ്മാണ് വേണ്ടത്. നാലിഞ്ച് നീളോം ഒരിഞ്ച് വ്യാസമുള്ള ഒരു ഉരുളന്‍ഇരുമ്പ് ദണ്ട് എല്ലാര്‍ക്കും തരും. അത് നമ്മള്‍ കല്‍ക്കരി കത്തിച്ച് ചൂടാക്കി മുട്ടനൊരു ഇരുമ്പുചവണകൊണ്ട് ഇറുക്കിപ്പിടിച്ച് ചൂളയ്ക്ക് പുറത്തെടുത്ത് അടിച്ചുപരത്തി സ്ക്വയര്‍ഷേയ്പ്പിലാക്കി ,എല്ലാം കഴിഞ്ഞ് വെള്ളത്തില്‍ മുക്കി തണുപ്പിച്ച് കൊണ്ടുകൊടുക്കണം. സ്ക്വയര്‍ സ്ക്വയറായിരുന്നാല്‍ മാര്‍ക്കുകിട്ടും.

ഇരുമ്പുദണ്ഡ് ചൂടാക്കാനിടുന്ന സമയം വളരെ ഇംപോ‌ര്‍ട്ടന്റാണ്. മേല്‍പ്പടി റിയ മേരി ജോര്‍ജ്ജും അവള്‍ അതിന്റെടയ്ക്ക് അപ്രന്റീസ് നിയമിച്ച ബബരീഷും കൂടി ഒരുമിച്ച് ചിരിച്ചുകളിച്ച് രണ്ട് ഇരുമ്പുകഷണങ്ങള്‍ ചൂളേലിട്ട്. ഐറ്റം ചൂടായിക്കഴിഞ്ഞയുടന്‍ ഇവന്‍ ആദ്യമൊരു ഇരുമ്പുദണ്ഡ് പുറത്തെടുത്ത് ഷര്‍ട്ടിന്റെ കയ്യൊക്കെ സ്വല്‍പ്പംകേറ്റിവെച്ച് ബൈസുംട്രൈസും പരമാവധിവീര്‍പ്പിച്ച് അടിയോടടിയും അതിന്റെ പാരലലി കത്തിവെപ്പും. ആദ്യത്തെ ഇരുമ്പുദണ്ഡ് അടിച്ച് സ്ക്വയറാക്കി പെണ്ണിന് സമ്മാനിച്ച് തിരിച്ചുചെന്നപ്പോ ഇവനിട്ട ഇരുമ്പ്പീസ് മൊത്തംഉരുകി ഒരു ഗ്ളാസ്സില്‍കോരിക്കൊണ്ട്പോകാവുന്ന പരിവത്തിലങ്ങനെ ഉരുകിയൊലിക്കുകയാണ്. “ദേഡി, നീയിതുവരെ ഇരുമ്പ് ഉരുകിയൊലിക്കുന്നത് കണ്ടിട്ട്ണ്ടാ” എന്ന ചോദ്യവുമായി തിരിഞ്ഞ അവന്‍ കണ്ടത്, സ്ക്വയര്‍ ഷേയ്പ്പിലുള്ള ആദ്യപീസുംകൊണ്ട് പെണ്ണ് ലാബ് ഇന്‍സ്ട്രക്ടറുടെ മുന്നില്‍ചെന്ന് “സാര്‍, നിക്ക് ഫുള്‍മാര്‍ക്കും താ” എന്ന ഡയലോഗുംപറഞ്ഞ് നില്‍ക്കുന്ന പ്രിയസഖിയേയാണ്. ബബരീഷ് ഷാപ്പിലേക്കോടി.

കൊറച്ചുനേരം കഴിഞ്ഞപ്പോ ഷാപ്പിലേക്കോടിയവനെയും അന്വേഷിച്ച് ദേ പിന്നേം വരുന്നു റിയ മേരി ജോര്‍ജ്ജ്. അന്ന് ഇന്‍സുലേഷം തുമ്പ് കടിച്ചുപറിക്കാന്‍ വയറുംപിടിച്ചുവന്ന അതേ മുഖഭാവം ഞാനവളില്‍ ദര്‍ശിച്ചു. ഞാനാ മുഖഭാവം കാര്യമാക്കാതെ തികച്ചും ഗൌരവഭാവത്തില്‍ “ഞാനെന്തു ഹെല്പാണ് ചെയ്തുതരേണ്ടത് റിയ..എന്തുവേണമെങ്കിലും പറഞ്ഞോളൂ..പ്ലീസ് പ്ലീസ്” എന്ന് ചോദിച്ചു. അവള്‍ നേരത്തെ കൊണ്ടുപോയ ഇരുമ്പ് പീസു എന്നെ കാണിച്ചിട്ട് പറഞ്ഞു. “ഇത് ശെരിയായിട്ടില്ല. കൊറച്ചുംകൂടി കിടു സ്ക്വയര്‍ ഷേയ്പ്പാക്കിയാല്‍ കൂടുതല്‍മാര്‍ക്ക് തരാന്ന് സാര്‍ പറയുന്നു.” ഞാനത് കയ്യില്‍ വാങ്ങി.

ശരിയാണ്. സ്ക്വയര്‍ഷേയ്പ്പ് അങ്ങ്ട് ശെരിയായിട്ടില്ല. നിമിഷാര്‍ദ്ധംകൊണ്ട് ഞാനത് വാങ്ങി ചൂളേലിട്ട് പഴുപ്പിച്ച് പെര്‍ഫെക്റ്റ് സ്ക്വയറാക്കിക്കൊടുത്തു. റിയയുടെ മുഖത്തെ ആരാധനകലര്‍ന്ന ചിരിയേക്കാള്‍ എനിക്ക് സംതൃപ്തിനല്‍കിയത് ഞാന്‍ കൂടുതല്‍ അറിവും പ്രവൃത്തിപരിചയവും നേടിയെന്നുള്ള ചിന്തയാണ്. പിന്നേം ഉണ്ട് സമയം. അന്നേരമാണ് ലാബിന്റെ ഒരു ഒഴിഞ്ഞ ഇരുണ്ട മൂലയ്ക്ക് ആ ഒരു യന്ത്രം ഇരിക്കുന്നത് ബിനൂന്റെ ശ്രദ്ധയില്‍പെട്ടത് .ഒരു ഗ്രൈന്റര്‍. നാട്ടിലെങ്ങും നടന്ന് കത്തിമൂര്‍ച്ചവെപ്പിക്കുന്ന ഊരുതെണ്ടി തമിഴന്‍ ഈയൊരു ശാസ്ത്രസാങ്കേതികവിദ്യ അവലംബമാക്കി കത്തിയുടെ വായ പളാപളാ മിന്നിക്കുന്നത് ആ പൊടിമീശക്കാരന്‍ അത്ഭുതത്തോടെ നോക്കിനില്‍ക്കുമായിരുന്നു. അതേ ശാസ്ത്രസാങ്കേതികവിദ്യ ഇതാ എഞ്ചിനിയറിങ്ങ് ലാബില്‍, തന്റെ കണ്‍മുന്നില്‍ , തന്റെ തൊട്ടടുത്ത്..

“ഹേയ്,റിയ. ആ ഇരുമ്പ് പീസുമായി നമുക്ക് ലാബിന്റെ ആ ഒഴിഞ്ഞ മൂലയിലേയ്ക്ക് പോവാം”.. എന്തിനെന്നുള്ള ആശ്ചര്യം മുഖത്തുവരുത്തിക്കൊണ്ട് റിയ എന്റെ പിന്നാലെ നടന്നുവന്നു. ആ ഗ്രൈന്ററിന് ഒരു എമണ്ടന്‍ ഗ്രാഫൈറ്റ്കല്ലാണുണ്ടായിരുന്നത്. അതില്‍ ബിനു തന്റെ കയ്യിലുണ്ടായിരുന്ന സ്ക്വയര്‍ദണ്ഡ് ഉരച്ചുരച്ച് സൈഡെല്ലാം പളാപളാ മിന്നുന്ന പരിവത്തിലാക്കി. നിക്കുംവേണം ചെയ്തുതര്വോ, എന്ന ചോദ്യം ഞാന്‍ റിയയുടെ മനസ്സില്‍നിന്ന് വായിച്ചെടുത്തു. ആ ഗ്രൈന്ററിന്റെ അരികില്‍നിന്ന് ബിനു തന്നെ മനസ്സിലുണ്ടായ ചിന്തകളെല്ലാം റിയയുടെ മുന്നില്‍ തുറന്നുവെച്ചു. ലീനിയര്‍സേര്‍ച്ച് അല്‍ഗോരിതത്തില്‍ ലാപ്ളാസ് ട്രാന്‍സ്ഫോം ഉള്‍പ്പെടുത്തുന്ന തന്റെ പുതിയ വീക്ഷണങ്ങളും ഫുറിയര്‍ സാംപ്ളിങ്ങ് തിയറത്തില്‍ തനിക്ക് തോന്നിയ അപാകതയെക്കുറിച്ചുമെല്ലാം.. എല്ലാം.. അവന്‍ അവളോട് അന്ന് സംസാരിച്ചു.

പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചത് ഇവിടെയാണ്.

“..ബിനു.. നിനക്കിനി സത്യം പറയാതെ നിവൃ‌ത്തിയില്ല..
..അവള്‍.. അവളുടെ തെറ്റ് സ്വയം സമ്മതിച്ചുകഴിഞ്ഞു.
..പറയ്..എന്തിനാണിങ്ങനെ ചെയ്തത്?..”

“.. ഹ്..ഇല്ല സര്‍..
..ഞാന്‍ തെറ്റ് ചെയ്യില്ല..
..ആ പെണ്‍കുട്ടി തെറ്റ് ചെയ്തതായി സമ്മതിച്ചുവെന്നത് കള്ളമാണ്..
..കാരണം, ഇവിടെ ആരും തെറ്റ് ചെയ്തിട്ടില്ല..
..ഇതേ എനിക്കിപ്പഴും പറയാനുള്ളൂ..”
(നോണ്‍ ലീനിയറാക്കാന്‍ വീണ്ടും ആദ്യസീന്‍ കുത്തികേറ്റിയതാണ്.. പിന്നേം സാധാരണപോലെ കഥയിലേയ്ക്ക്..)

അന്നത്തെ ലാബ് കഴിഞ്ഞ് രണ്ടുമൂന്നു ദിവസമായിക്കാണും. പ്രൊഫസര്‍ ജയന്തിയുടെ വക, ഡിജിറ്റല്‍ സിഗ്നല്‍ പ്രോസസ്സിങ്ങിന്റെ തിയറിക്ളാസ്സ് നടന്നുകൊണ്ടിരിക്കുന്നു.അന്നേരം, ഓഫീസ് സ്റ്റാഫ് റൂമിലുള്ള ഒരുപയ്യന്‍ ക്ളാസ്സില്‍ വന്ന് പ്രൊഫസര്‍ ജയന്തിയുടെ കാതുകളില്‍ എന്തോ മൊഴിഞ്ഞു.

“ബിനു, റിയ , യൂവാറണ്ടററസ്റ്റ്. ച്ചെ! യൂവാര്‍ വാണ്ടട് ഇന്‍ ദ സ്മിതി ലാബ്. മെക്കാനിക്കല്‍ ഹെച്ചോഡി ആന്റ് അദര്‍ സ്റ്റാഫ് മെംമ്പേഴ്സ് ആര്‍ വെയിറ്റിങ്ങ്‌ ഫോര്‍ യൂ ദേര്‍..”

നിങ്ങളിപ്പോ വിചാരിക്കുന്നതുപോലെ ബിനു അന്ന് ആ സ്മിതി ലാബില്‍ ഒഴിഞ്ഞമൂലയ്ക്ക് പോയി നിന്ന് ഇരുട്ടത്ത് എന്തെങ്കിലും കരകൌശലവിദ്യകള്‍ കാണിച്ചിട്ടുണ്ടാകുമെന്ന് അന്ന് പ്രൊഫസര്‍ ജയന്തിയുള്‍പ്പെടുന്ന ജനസമൂഹം ചിന്തിച്ചു. ആക്ഷേപശരങ്ങള്‍ക്ക് നടുവിലൂടെ നടന്ന് ബിനു ആ ക്ളാസ്സില്‍നിന്ന് ഇറങ്ങിപ്പോയി. റിയ പുറകേ വരുന്നുണ്ടോയെന്നുള്ളത് അവന്‍ ചിന്തിച്ചില്ല. ഞങ്ങള്‍ ലാബില്‍ ചെന്നപ്പോള്‍ മെക്കാനിക്കല്‍ ഹെച്ചോഡിയും പരിവാരങ്ങളുമടങ്ങുന്ന ഒരു നാലഞ്ചുപേര് ഞങ്ങള്‍വരുന്നതും കാത്തിരുക്കുന്നുണ്ടായിരുന്നു. രണ്ട് ഇരുമ്പ് സ്ക്വയര്‍ദണ്ഡ് മേശപ്പുറത്തു വെച്ചിട്ടുമുണ്ട്. അതുരണ്ടും ആകെ തുരുമ്പുപിടിച്ച് ഒരു കോലമായി ഇരിക്കുന്നത് ബിനുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഞങ്ങളൊന്നും മൊഴിയുന്നതിനുമുന്നേ ഹെച്ചോഡി വാപൊളിച്ചു.

“ബിനു,റിയ, നിങ്ങള്‍ മൂന്നുദിവസം മുന്നേനടന്ന സ്മിതി ലാബില്‍ വെച്ച് സബ്മിറ്റ് ചെയ്ത ഇരുമ്പുദണ്ഡുകളാണീ ഇരിക്കുന്നത്. ഞാന്‍ പറയുന്നു. ഈ രണ്ട് ഇരുമ്പുകഷണങ്ങള്‍ക്കും ആഴ്ചകളോളം പഴക്കമുണ്ടെന്ന്.”
ഇതുപറഞ്ഞുകൊണ്ടിരിക്കേ ഹെച്ചോഡി ആ ഇരുമ്പുദണ്ഡെടുത്ത് അതിലെ തുരുമ്പ് വിരലുകൊണ്ട് തുടച്ച് കയ്യിലെടുത്ത് ഞങ്ങളുടെ നേരെ നീട്ടിപ്പിടിച്ചുകാണിച്ചു. എന്നിട്ട് തുടര്‍ന്നു. “മാത്രമല്ല ,ഇത്ര പ്രൊഫഷണലിസത്തോടെ ഫിനിഷ് ചെയ്യാന്‍ ഒരു എക്സ്പേഴ്ട്ടിന്റെ കരങ്ങള്‍ക്കേ സാധിക്കൂ. നിങ്ങളിത് ആഴ്ചകള്‍ക്കുമുന്നേ പുറത്തുപറഞ്ഞ് ചെയ്യിപ്പിച്ച് കൊണ്ടുവന്നിരിക്കുന്നതാണെന്നേ ഞാന്‍ പറയൂ. ഈ ഫ്രോഡുലന്‍സ് ചൂണ്ടിക്കാണിച്ച് നിങ്ങളെ ഈ യൂണിവേഴ്സിറ്റിയില്‍നിന്നുതന്നെ ഡീബാര്‍ ചെയ്യണമോ വേണ്ടയോ എന്നുള്ളത് ഞങ്ങള്‍ തീരുമാനിച്ചുകൊണ്ടിരിക്കുകയാണ്..”

“റെസ്പെക്റ്റഡ് സര്‍ , രണ്ടുകാര്യങ്ങളാണ് എനിക്ക് നിങ്ങളുടെ മുന്നില്‍ തെളിയിക്കാനുള്ളത്. ഒന്ന് , ഈ തുരുമ്പുപിടിച്ച് ഇരുമ്പുകഷണങ്ങള്‍ എങ്ങനെ ഇവിടെവന്നു എന്നത്..
രണ്ട്.. ഇതിന്റെ എക്സ്ട്രാ സ്മൂത്ത് ഫിനിഷിങ്ങ്.. ഇതില്‍ ഒന്നാമത്തെ ചോദ്യത്തിന് എനിക്കുത്തരമില്ല. രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം തെളിയിക്കാന്‍ എനിക്ക് ഒരവസരവും ഒരു ഇരുമ്പുകഷണവും തീപ്പെട്ടിയും തരണമെന്ന് അപേക്ഷിക്കുകയാണ്..”

മെക്കാനിക്കന്‍ ഹെച്ചോഡി തലയാട്ടി. “ശെരി, നിനക്ക് പതിനഞ്ചുമിനിട്ട് തരുന്നു. ആ സമയത്തിനുള്ളില് ഈ ഇരുമ്പുദണ്ഡ് എത്രത്തോളം പെര്‍ഫെക്ഷനാക്കിക്കാണിക്കാമോ അത്രയും കാണിച്ച് കൊണ്ടുവാ..”

ഞാന്‍ ആ റൂമില്‍നിന്നിറങ്ങി ആലയുടെ പരിസരത്തേയ്ക്ക് നടന്നു. റിയ അന്നേരവും ജഡ്ജിങ്ങ് പാനലിന്റെ മുന്നില്‍ പകച്ചു നില്‍ക്കുകയായിരുന്നു.. പിന്നീടുള്ള പതിനഞ്ച് മിനിട്ട് എന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണയകമായ നിമിഷങ്ങളായിരുന്നു. ഒരു നിമിഷത്തെ കൈപ്പിഴകൊണ്ട് ആ ഇരുമ്പുദണ്ഡിന് സ്ക്വയര്‍ഷേപ്പ് കൈവരിക്കാനായില്ലെങ്കില്‍ ഞാന്‍ കുറ്റക്കാരനായി വിധിക്കപ്പെടുന്നു. യൂണിവേഴ്സിറ്റിയില്‍നിന്നുള്ള ഡീബാറിങ്ങ്. ശാസ്ത്രസാങ്കേതികവിദ്യകള്‍ സ്വായത്തമാക്കി ജീവിതത്തില്‍ ഉന്നതവിജയം കൈവരിക്കണമെന്നും മണോരമശ്രീയില്‍ പടംവരണമെന്നുമുള്ള സ്വപ്നങ്ങള്‍ മറുവശത്ത്.. നാട്ടില്‍ തലയുയര്‍ത്തി നടക്കാന്‍ വയ്യാത്ത അവസ്ഥ. കള്ളനെന്ന ലേബല്‍.. എല്ലാംകൂടി ഓര്‍ത്തപ്പോ തലപെരുത്തുകൊണ്ടിരുന്നു.. ആ പെരുപ്പ് മാറാതെതന്നെ ഞാന്‍ ആ റെഡ്‌ഹോട്ട് ദണ്ഡില്‍ ആഞ്ഞടിച്ചു..

പതിനഞ്ച്മിനിട്ട് അവസാനിച്ചു. ചുട്ടുപഴുത്ത ആ ഇരുമ്പുദണ്ഡ് വെള്ളത്തില്‍മുക്കി തണുപ്പിച്ച് അതുമായി ഞാന്‍ ഹെച്ചോഡിയുടെ റൂമിലേയ്ക്ക് നടന്നു. റിയ കണ്ണുവിതുമ്പി നില്‍ക്കുന്നത് ഞാന്‍ കണ്ടു..
ഞാനകത്തേയ്ക്ക് കയറിച്ചെന്നപ്പോള്‍ റിയയോട് പുറത്തേയ്ക്ക് ഇറങ്ങിനില്‍ക്കാന്‍ ഹെച്ചോഡി ആംഗ്യംകാണിച്ചു. അവള്‍ പുറത്തേയ്ക്ക് പോയി.

“..ബിനു.. നിനക്കിനി സത്യം പറയാതെ നിവൃ‌ത്തിയില്ല..
..അവള്‍.. അവളുടെ തെറ്റ് സ്വയം സമ്മതിച്ചുകഴിഞ്ഞു.
..പറയ്..എന്തിനാണിങ്ങനെ ചെയ്തത്?..”

“.. ഹ്..ഇല്ല സര്‍..
..ഞാന്‍ തെറ്റ് ചെയ്യില്ല..
..ആ പെണ്‍കുട്ടി തെറ്റ് ചെയ്തതായി സമ്മതിച്ചുവെന്നത് കള്ളമാണ്..
..കാരണം, ഇവിടെ ആരും തെറ്റ് ചെയ്തിട്ടില്ല..
..ഇതേ എനിക്കിപ്പഴും പറയാനുള്ളൂ..”
തെല്ലുപരിഭ്രമത്തിനിടയിലും ഒരു ചെറുപുഞ്ചിരി വരുത്താന്‍ശ്രമിച്ചുകൊണ്ട് ഞാന്‍ മുഴുമിപ്പിച്ചു..

ബിനു തന്റെ കയ്യിലിരുന്ന ഇരുമ്പുദണ്ഡ് ഹെച്ചോഡിയുടെ മുന്നിലേയ്ക്ക് വെച്ചു. ഹെച്ചോഡിയുടെ മുഖത്ത് അത്ഭുതവും അതിലുപരി ഒരങ്കലാപ്പും തെളിയുന്നതായി എനിക്കനുഭവപ്പെട്ടു,
അവിടെ പരിസരത്ത് കറങ്ങിനടന്നിരുന്ന മറ്റ് സ്റ്റാഫംഗങ്ങളും അങ്ങോട്ടേയ്ക്ക് അടുത്തുവന്നു..

“റെസ്പെക്റ്റഡ് സര്‍, ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് ബോധ്യപ്പെട്ടെന്നു കരുതുന്നു. എങ്കിലും ഇനി ഒരു ചോദ്യ‌ംകൂടി അവശേഷിക്കുകയാണ്. മൂന്നുദിവസംമുന്നേ സബ്മിറ്റ് ചെയ്ത ഇരുമ്പുദണ്ഡ് എങ്ങനെ ഇത്രത്തോളം തുരുമ്പിച്ചുവെന്നത്. എന്റെ മനസ്സാക്ഷിയ്ക്ക് മുന്നില്‍ ഞാന്‍ തെറ്റുകാരനല്ലാത്തതുകൊണ്ട് ഞാന്‍ തന്നെ അതിനുള്ള ഉത്തരം കണ്ടെത്തുന്നതാണ് . എനിക്ക് വേണ്ടത് ഒരു ദിവസത്തെ സമയമാണ്..” ഞാന്‍ പറഞ്ഞു.

“ബിനു, പതിനഞ്ചുമിനിട്ടില്‍ ഇത്രത്തോളം നിനക്ക് ഫിനിഷ് ചെയ്യാന്‍പറ്റിയെന്നുള്ളത് നിന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഉതുകുന്നില്ല. എങ്കിലും നിനക്ക് ഒരു ദിവസംകൂടി തരുകയാണ്. നിനക്ക് ഇതിനുള്ള ഉത്തരം കണ്ടുപിടിക്കാന്‍ സാധിക്കുമെങ്കില്‍ നീ വിജയിച്ചു. അല്ലെങ്കില്‍ കര്‍ശനനടപടികളിലേയ്ക്ക് ഞങ്ങള്‍ തിരിയുവാന്‍ നിര്‍ബന്ധിതരാവുകയാണ്..” ഹെച്ചോഡി സഹതപിച്ചു.

ബിനു ആ ലാബിന്റെ പടിയിറങ്ങി നടന്നു.. നടക്കുന്നതിനിടയില്‍ അവന്റെ മനസ്സില്‍ സൈന്റിഫിക്ക് ആന്റ് നോണ്‍-സൈന്റിഫിക്ക് ചിന്തകളുടെ ഒരു തിരയിളക്കംതന്നെ നടന്നു.
തന്നോട് പകവീട്ടാന്‍ ബബരീഷെങ്ങാനും ഒരു പഴയ ഇരുമ്പുകഷണം എടുത്ത് എന്റെ പേരെഴുതി സബ്മിറ്റ് ചെയ്തതാവുമോ?
റിയയോട് താന്‍ സംസാരിക്കുന്നതില്‍ അസൂയപൂണ്ട ലാബ് സ്റ്റാഫില്‍ ആരെങ്കിലും..?
അതോ ,ഇതൊന്നും നടന്നിട്ടില്ലെങ്കില്‍ ആ ഇരുമ്പ്കഷണം തന്റേതു തന്നെ ആയിരിക്കുമോ?
എങ്കില്‍ അതെങ്ങനെ തുരുമ്പെടുത്തു..?
ഇരുമ്പ് തുരുമ്പെടുക്കും സ്വാഭാവികം … എങ്കിലും അതെങ്ങനെ ഈ മൂന്നുദിവസത്തിനുള്ളില്‍..?
എന്താണ് തുരുമ്പ്..? ഫെറസ് ഓക്സൈഡ്..
ഓക്സൈഡ്.. ഓക്സിജന്‍..
യെസ്.. യെസ്.. ഓക്സിജന്‍..
ബിനു തിരിഞ്ഞ് ലാബിലേയ്ക്കോടി. ഹെച്ചോഡി തന്റെ ഡിപ്പാര്‍ട്ടുമെന്റ് ഓഫീസിലേയ്ക്ക് തിരികെപ്പോകാനുള്ള തയ്യാറെടുപ്പായിരുന്നു..

“സര്‍,, എനിക്കതിനുള്ള ഉത്തരം കിട്ടി.
ചൂളയിലിട്ടെടുക്കുന്ന ഇരുമ്പുദണ്ഡുകളുടെ സര്‍ഫസില്‍ കാണ്‍ബണേറ്റഡ് അയേണ്‍ ആണ് ഉണ്ടാവാറുള്ളത്..കാര്‍ബണ്‍..കരി.. അതുമൂലം അതു തുരുമ്പുപിടിക്കില്ല.
ഞാന്‍ ഈ ഇരുമ്പ്ദണ്ഡ് അവിടെ ആ കാണുന്ന ഗ്രൈന്ററില്‍ ഉരച്ച് മിനുസപ്പെടുത്തിയിരുന്നു.. അതുമൂലം അതിന്റെ സര്‍ഫസില്‍ ഉണ്ടായിരുന്ന കാര്‍ബണേറ്റഡ് അയേണ്‍പാളി നഷ്ടപ്പെട്ടു.
അന്നേരം,ആ ഇരുമ്പിന്റെ സര്‍ഫസ് കൂടുതല്‍ വായുവുമായി എക്സ്പോസ്ഡ് ആയി. വായുവില്‍ എന്താണുള്ളത് ..ഓക്സിജന്‍.. നാച്ചുറലി തുരുമ്പു പിടിക്കും സര്‍..” ഞാന്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞുതീര്‍ത്തു..

ഹെച്ചോഡിയുടെ മുഖം പ്രകാശമാനമായി..”യെസ്സ്. ബിനു, എനിക്കതങ്ങ് പോയില്ല. നീ പറഞ്ഞ ഉത്തരം കറക്റ്റാണ്.. വളരെ കറക്റ്റാണ്.. നിനക്ക് ഈ ലാബില്‍ ഫുള്‍മാര്‍ക്കും തരാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.”

“സര്‍, ഇതുമൂലം റിയയുടെ മാര്‍ക്കും പോവില്ലയെന്ന് കൂടി എനിക്കുറപ്പ് തരണം..” ബിനു കൂട്ടിച്ചേര്‍ത്തു.

“ഇല്ല. ഞാനത് നോക്കിക്കോളം.. “ഹെച്ചോഡി എന്റെ തോളത്തുതട്ടി അഭിനന്ദിക്കുന്നത് തുടര്‍ന്നുകൊണ്ടേയിരുന്നു..

ബിനു തിരികേ നടന്നു.. അവന്റെ മനസ്സ് വര്‍ഷങ്ങള്‍പിറകോട്ട് ഊളിയിട്ടു. കത്തിയുടെ മൂര്‍ച്ചവെപ്പിക്കുന്ന യന്ത്രവുമായി ആ പരപ്പ് ദേശത്തെങ്ങും ഊരുതെണ്ടിനടന്നിരുന്ന ആ തമിഴനെ ബിനു ഓര്‍ത്തു..
കത്തി രാകിമിനുക്കിവെളുപ്പിച്ചിട്ട് അവന്‍ തമിഴില്‍ ചൊല്ലിയ വാക്കുകള്‍ ബിനുവിന്റെ മനസ്സില്‍ അലയടിച്ചു..

“അയ്യാ. ഇന്ത കത്തിമേലെ കൊഞ്ചം തേംഗായെണ്ണ പോട്ടുങ്കോ. അല്ലേന്നാ, ഇന്ത പളാപള തിളാങ്കും ഏരിയാവെല്ലാം ഒരേ നൊടിയില്‍ തുരുമ്പെടുത്ത് പോയിടും.”
“തുരുമ്പെടുത്ത് പോയിടും..” (എക്കോ)
“തുരുമ്പെടുത്ത് പോയിടും..” (ഇതും എക്കോ)

ഹീ വാസ് ഓള്സോ ആന്‍ എഞ്ചിനിയര്‍..!

Advertisements

21 thoughts on “സ്മിതി!

 1. അയാം ആള്‍സോ ആന്‍ എന്‍ജിനീയര്‍…………….പഠിപ്പിസ്റ്റ്, ഓണ്‍സൈറ്റ് പോലെയുള്ള ഇതിഹാസ കഥകളുടെ റേഞ്ചിലുള്ളതല്ലെങ്കിലും സൂപ്പര്‍ ആയിട്ടുണ്ട്.

 2. Veendum ezhuthu thudangiyathil adakkanavatha santhosham. Ini angottu pazhaya rangeil ulla kadhakal ezhuthan sarveshwaran ningale prapthan akkatte ennu ashamsichukollunnu!

  ps: smithi ennu kettappol pandu koode padicha penkutti anennu thonnippoyi. Story kalakki.

 3. വളരെ നാളുകള്‍ക്ക്‌ ശേഷമാണ് ഒരു ബിനുക്കഥ ഇറങ്ങുന്നത്… എഴുത്തില്‍ ചെറുതായി ഫെറസ് ഓക്ക്‌സൈഡ് ഒണ്ടാര്‍ന്നോ എന്ന് സംശയോണ്ട്.

  റിയ മേരി ജോര്‍ജ്ജ് പേരാണോ പേരുകള്‍ അല്ലേ.

  കിഡൂ ആയിട്ടുണ്ട്‌… എങ്കിലും എ എഞ്ചിനീയറിംഗ് പഠിച്ച തമിഴനെ കാണുവാണേല്‍ എഴുതുപകരണത്തിന്റെ മൂര്‍ച്ച കൂടി കൂട്ടണം.

  ഇനി ലോങ്ങ്‌ ഗ്യാപ്പ്‌ വേണ്ടാ… കോണ്‍സ്റ്റന്‍റ് ആയി എഴുതണം (ങേ വേരിയബിള്‍ ആയി എഴുതിയാ പോരെന്നോ)

  അടുത്ത ബിനുക്കഥക്കായി കാത്തിരിക്കുന്നു.

 4. വിനു ഏലിയാസ് ബിനു ഈസ് ബാക്ക് വിത്ത്‌ എ ബാങ്ങ്!!!!! 🙂

  എന്നിട്ട് റിയ ഈ ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണ എങ്ങനെ രേഖപ്പെടുത്തി എന്നറിയാനും വായനക്കാർക്ക് താല്പര്യമുണ്ട്. രണ്ടാംഭാഗം ?

 5. നിന്റെ പ്രൊഫൈലിൽ കേറി നോക്കി.. റിയ എന്നോരുത്തിയെ കണ്ടില്ല…. അവൾടെ ശരിക്കും പേരെന്താണ്???

 6. veendum ezhuthikkandcathil valare santhosham undu. thudarnnum ezhuthuka….and ella vidha asamsakalum for ur married life…ningal randu pereyum kandal serikkum made for each other pole undu….

 7. Kadha kollaam..pakshe kadhayude pakuthi bhagathu naayakan ‘binu’vum baaki pakuthiyil ‘vinu’vum aanallo? First half : “അക്കാലത്ത്, ബിനൂന്റെ പേരും യൂനും ഡഭ്ലിയൂനും നടുക്കുള്ള ബി വെച്ചാണല്ലോ സ്റ്റാര്‍ട്ട് ചെയ്യുന്നത്. ..” Second half :” ഞാനീ ചെയ്യുന്ന സഹായം എന്റെ അറിവുവര്‍ദ്ധിപ്പിക്കുമല്ലോ ….” second halfil motham “njan, ente” ennanallo adddress cheythekunne?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w