എഷ്ബാൻ


ക്രിസ്തുവർഷം മുപ്പത്തിമൂന്ന്( AD 0033)

ജെറുസലേം നഗരത്തിന്റെ  കിഴക്കുഭാഗത്തായി, ഒലീവ് മലനിരകൾക്കരികിൽ,  ഉയരമുള്ള മരങ്ങളും പാറക്കെട്ടുകളും കൊണ്ടു നിറഞ്ഞ ഗാദ് -സമേനീ  (Gethsemene) എന്ന ഒരു താഴ്വര.  തിബേരിയൂസ് ചക്രവർത്തിയുടെ ഭരണകാലം. ഒരു ശൈത്യകാലത്തിന്റെ അവസാനം.

“.. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ, പന്ത്രണ്ടുപേരിൽ ഒരുവനായ യൂദാസ് അവിടെയെത്തി. അവനോടുകൂടെ പ്രധാന പുരോഹിതന്മാരുടേയും നിയമജ്ഞരുടേയും ജനപ്രമാണികളുടേയും അടുത്തുനിന്നു വാളും വടിയുമായി ഒരു ജനക്കൂട്ടവും വന്നിരുന്നു. അവർ യേശുവിനെ പിടിച്ചു ബന്ധിച്ചു. ഇതെല്ലാം കണ്ട്, അവനോടൊപ്പം അവിടെ ഉണ്ടായിരുന്ന മറ്റു ശിഷ്യന്മാരെല്ലാവരും അവനെ വിട്ട് ഓടിപ്പോയി. എന്നാൽ, ഒരു യുവാവ് മാത്രം അവനെ അനുഗമിച്ചു. അവൻ ഒരു പുതപ്പു മാത്രമേ തന്റെ ശരീരത്തിൽ ചുറ്റിയിരുന്നുള്ളൂ. അവന്റെ പേരു എഷ്ബാൻ എന്നായിരുന്നു. അവർ അവനെയും പിടിച്ചു…” വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിൽ നിന്ന് ( 14 : 50 -51)

ക്രിസ്തുവർഷം ഏഴ്(AD 0007) 

ജെറുസലേം നഗരത്തിന്റെ വടക്കു ഭാഗത്തായി നൂറു മൈലുകൾക്കകലേ ഉള്ള നസറേത്ത് (Nazareth) എന്ന ഒരു ഗ്രാമം.  അർക്കലാവൂസ് ചക്രവർത്തിയുടെ ഭരണകാലം.  ഒരു ശിശിരകാലത്തിന്റെ തുടക്കം. 

തോബിയാസ് വേഗത്തിൽ നടക്കുകയാണ്. മരപ്പണിക്കാരന്റെ പണിയായുധങ്ങൾ നിറച്ച ഒരു സഞ്ചി തോളിലേറ്റിയാണു യാത്ര. ഭാരം നിമിത്തം സഞ്ചി കീറിപ്പോവാതിരിക്കാനായി വലതു കയ് കൊണ്ട് താങ്ങി പിടിച്ചിട്ടുണ്ട്. ഇടതുകയ്യിൽ  തൂങ്ങി അദ്ദേഹത്തിലെ ഏക മകനായ എഷ്ബാനും. ആ ശിശിരത്തിൽ , ഇല പൊഴിയാറായി നിൽക്കുന്ന മഞ്ഞ മരങ്ങളെ നോക്കി നടക്കുന്നതിനിടയിൽ അപ്പന്റെ തിടുക്കത്തിനൊപ്പമെത്താൻ ആ പതിനൊന്നു വയസ്സുകാരൻ  ആയാസപ്പെടുന്നുണ്ട്.  തോബിയാസ് അപ്പോഴും എന്തോ ചിന്തയിലാണ്.

നസറേത്ത് എന്ന ഗ്രാമം ലക്ഷ്യമാക്കിയാണ് യാത്ര.  ആ യാത്രയിൽ കൂടേക്കൂട്ടിയ രണ്ടു ചിന്തകൾ , അതിലൊന്നു സമ്മാനിച്ച ആകാംഷയും മറ്റൊന്ന് സമ്മാനിച്ച പരിഭ്രമവുമാണ് തോബിയാസിന്റെ മനസ്സിലും മുഖത്തും. ഏഴു വർഷങ്ങൾക്ക് മുന്നേ നാട്ടിൽ നിന്ന് പോയ തന്റെ സ്നേഹിതനായ ,സ്നേഹിതനിലും ഉപരിയായ,  യൗസേപ്പ് തിരികേ എത്തിയിരിക്കുന്നു.  ഹേറോദേസ് രാജാവിന്റെ കാലത്ത്,  യൂദയാ രാജ്യത്തിൽ നടന്ന ഒരു പേരെഴുതിക്കൽ ചടങ്ങിനായി പോയതാണ് , പൂർണ്ണ ഗർഭിണിയായിരുന്ന ഭാര്യ മറിയത്തോടൊപ്പം,  ബെദ്ലേഹം (Bethlehem) എന്ന പട്ടണത്തിലേയ്ക്ക്. അതും ഒരു  കടുത്ത ഒരു മഞ്ഞുകാലത്ത്.  ആ യാത്രയ്ക്കിടയിൽ ബെദ്ലേഹമിൽ എവിടെയോ വെച്ച് മറിയം ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു എന്ന് യൗസേപ്പിന്റെ ഗോത്രത്തിൽ പെട്ട ചില ബന്ധുക്കൾ പറഞ്ഞ് അറിയുകയുണ്ടായി.  ആ ചോരക്കുഞ്ഞിനേയും കയ്യിലേന്തി കൊടും തണുപ്പിൽ  ബെത്ലേഹം നഗരിയിൽ നിന്നും തിരികേയുള്ള വഴിയിൽ എവിടെയോ യൗസേപ്പിനേയും മറിയത്തേയും അവസാനമായി കണ്ടവരുണ്ട്.  കനത്ത മഞ്ഞുമൂടിക്കിടന്നിരുന്ന ഒലീവ് മലനിരകൾ കടന്നുള്ള തിരികേയുള്ള യാത്രയിലെപ്പോഴോ അവർ മരിച്ചുപോയി എന്നാണ് നസറേത്ത് ഗ്രാമത്തിലുള്ളവരെല്ലാം കരുതിയിരുന്നത് . ഇല്ല.  തന്റെ പ്രിയ സ്നേഹിതൻ , മരപ്പണിക്കാരൻ യൗസേപ്പ് ജീവിച്ചിരിപ്പുണ്ട്. കൂടെ മറിയവും , പിന്നെ അവർക്ക് പിറന്ന ആൺകുഞ്ഞും. ഏഴു വയസായിക്കാണണം അവന്.

കുഞ്ഞുനാളിലേ കൂട്ടായതാണ് യൗസേപ്പുമായി. തങ്ങളുടെ കുലത്തൊഴിലായ മരപ്പണി അഭ്യസിച്ചതും ഒരുമിച്ച്. കൂട്ടുകാരനാണെങ്കിലും മരപ്പണിയിൽ തന്റെ ആശാനാണ് യൗസേപ്പ്. നാടു മുഴുവൻ നടന്ന്  എന്തെങ്കിലും  പണി പിടിച്ചോണ്ട് വരും. താനുൾപ്പടെ ഒരു സംഘം മരപ്പണിക്കാരെ എന്നും കൂടെ നിർത്തിയിട്ടുണ്ടാവും യൗസേപ്പ്. ഒരു ദിവസം പോലും  വെറുതേയിരിക്കില്ല. കൂട്ടത്തിൽ ഒരുവന്റെ പോലും കുടുംബം പട്ടിണി കിടക്കാൻ യൗസേപ്പ് അനുവദിച്ചിട്ടില്ല . യൗസേപ്പിന്റെ മരപ്പണിയിലെ കണക്കും അളവും കൃത്യതയും പൂർണതയും കണ്ടവരാരും പിന്നെ വേറെ ആളെ തേടി പോവാറുമില്ല. എല്ലാവരുമൊന്നിച്ച് മനസ്സറിഞ്ഞ് അധ്വാനിച്ച കുറേ നാളുകൾ.

യൗസേപ്പ് പോയതോടെ ആരും തങ്ങളെ അന്വേഷിച്ച് വരാതെയായി. തനിക്കുണ്ടെന്ന് കരുതി അഹങ്കരിച്ചിരുന്ന മരപ്പണിയിലെ വൈദഗ്ദ്യം , യൗസേപ്പ് പറഞ്ഞു തന്നിരുന്ന കണക്കിലും അളവുകളിലുമായിരുന്നു എന്നു സ്വയം മനസ്സിലാക്കി തുടങ്ങിയിരുന്നു. സംഘം ചേർന്ന് കൂട്ടായി പ്രയത്നിച്ചവർ ഒരു നേതാവില്ലാതായപ്പോൾ  പലവഴിയ്ക്കായി പിരിഞ്ഞു.  കുറേ നാൾ പണിയന്വേഷിച്ച് നടന്നു. തന്റെ കുടുംബം പല ദിവസങ്ങളിലും പട്ടിണിയറിഞ്ഞു. അവസാനം ഒരു ജോലി കിട്ടി.  സമൂഹം വെറുപ്പോടെ കണ്ടിരുന്ന ഒരു ജോലി. തലയോട്ടികളുടെ ഇടം എന്ന വിളിപ്പേരാൽ അറിയപ്പെട്ടിരുന്ന ഗോൽഗോത്താ (Golgotha) എന്ന വിജനമായ സ്ഥലത്തിനരികേ വധശിക്ഷ വിധിക്കപ്പെട്ട കൊലയാളികൾക്കുള്ള തടങ്കൽപ്പാളയത്തിൽ , അവർക്കുള്ള മരക്കുരിശുകൾ നിർമ്മിക്കുന്ന ജോലി.

വധശിക്ഷയ്ക്കുള്ള ദിവസം അടുത്തുവരുന്നവരെയെല്ലാം, ശരീരം മുഴുവൻ മുറുകുന്ന ഒരു ഇരുമ്പു ചങ്ങലയിൽ ബന്ധിച്ച് , പടയാളികൾ തന്റെ അടുത്ത് കൊണ്ടുവരും. ദയനീയതയോടെ നോക്കി നിൽക്കുന്ന തടവുകാരന്റെ അടുത്തേയ്ക്ക് താൻ ഒരു അളവുകോലുമായി ചെല്ലണം. ചങ്ങലയാൽ ബന്ധിച്ച അയാളുടെ രണ്ടുകൈകളും വിരിച്ചുപിടിച്ചിട്ട് അവരുടെ കൈത്തണ്ടകൾ തമ്മിലുള്ള അകലം കുറിച്ചെടുക്കണം. എന്നിട്ട് , തൊലി മാത്രം ചീന്തി രൂപപ്പെടുത്തി വെച്ചിരിക്കുന്ന ഒരു മരത്തടികളിലൊന്നിൽ,  ഈ അളവിൽ രണ്ട് പഴുതുകൾ തുളയ്ക്കണം. നാഴികകളോളം നീളുന്ന കഠിന യാതനകൾ അനുഭവിച്ച് , അവസാനം രക്തം വാർന്ന് മരിക്കുവാനായി, അവരെ  മരക്കുരിശിൽ തൂക്കിയിടാനുള്ള  വിധത്തിൽ, ഇരുമ്പാണികൾ തുളച്ചു കയറ്റുവാനുള്ള എളുപ്പത്തിനാണ് ഈ പഴുതുകൾ ഇടുന്നത്. മനസ്സു മരവിച്ചിരുന്നു. തച്ചന്റെ കയ്യിലെ തഴമ്പുകൾക്ക് കട്ടപിടിച്ച  മനുഷ്യരക്തത്തിന്റെ ഗന്ധം .

തോബിയാസ് വേഗത്തിൽ നടക്കുകയാണ്. യൗസേപ്പിനെ എത്രയും വേഗം കണ്ടെത്തണം. തന്റെ മകനേയും കുലത്തൊഴിൽ അഭ്യസിപ്പിക്കുവാനുള്ള സമയം ആയിരിക്കുന്നു. യൗസേപ്പ് എന്ന ഗുരുവിന്റെ കരങ്ങളിൽ ഏൽപ്പിച്ചില്ലെങ്കിൽ , അവനും അവസാനം താൻ എത്തിച്ചേർന്ന തൊഴിലിൽ എത്തിപ്പെടും. കട്ടപിടിച്ച രക്തക്കറ പുരണ്ട തലയോട്ടികൾക്ക് നടുവിൽ . ചിന്തകൾ, അവരേക്കാൾ വേഗത്തിൽ നടന്നുകൊണ്ടിരുന്നു.

നസറേത്ത് മനോഹരമായ ഒരു ഗ്രാമമാണ്.  യൗസേപ്പിന്റെ വീട് അകലെയായി കാണുന്നുണ്ടായിരുന്നു. മറിച്ചൊരു ചിന്തയ്ക്ക് വക നൽകാത്തവിധം തോബിയാസ് അകലെ നിന്നു തന്നെ യൗസേപ്പിനെ തിരിച്ചറിഞ്ഞു. മരക്കഷണങ്ങൾ കൊണ്ടുണ്ടാക്കിയ ഒരു  ചെറിയ വീടാണത്  . അതിന്റെ മുന്നിലായി ഒരു കൊച്ച് പണിശാല തീർത്ത് , ആരോ അതിൽ നിൽക്കുന്നുണ്ട്.  അത് യൗസേപ്പല്ലാതെ മറ്റൊരാളാവാൻ വഴിയില്ല. തോബിയാസ് നടപ്പ് വേഗത്തിലാക്കി. അപ്പൻ തന്റെ കയ്യിൽ  മുറുകേപ്പിടിച്ചിരുന്നതിനാൽ , ആ വേഗത്തിനൊപ്പമെത്താൻ,  ഓടുന്നതല്ലാതെ എഷ്ബാന് വേറെ നിവൃത്തിയുണ്ടായിരുന്നില്ല.  ഈ അടുത്ത കാലത്തൊന്നും അപ്പനെ ഇത്ര സന്തോഷവാനായി കണ്ടിട്ടില്ല. ഉറക്കെ ചിരിക്കുകയും  ഇടയ്ക്കിടെ കണ്ണു തുടയ്ക്കുകയും ചെയ്തുകൊണ്ടാണ് അപ്പൻ ഓടുന്നത്. തോളിൽ തൂങ്ങിയാടുന്ന സഞ്ചിയിലെ  പണിയായുധങ്ങളുടെ ഭാരം പുറത്ത് വന്ന് കൊള്ളുന്നതൊന്നും അപ്പൻ കാര്യമാക്കുന്നില്ല. ഓടുന്നതിനിടയിൽ എഷ്ബാൻ ഒരു കാര്യം കൂടി കണ്ടു.  ആശാന്റെ കൂടെ ആറോ ഏഴോ വയസ്സുള്ള ഒരു  കുഞ്ഞു പയ്യനും കൂടിയുണ്ട്. അവനും ഒരു മരത്തിന്റെ പട്ടികയൊക്കെ പിടിച്ച് ആ പണിശാലയിൽ കേറി നിൽപ്പുണ്ട്.

ക്രിസ്തുവർഷം എട്ട്(AD 0008) 

നസറേത്ത് ഗ്രാമം. ഒരു വേനൽക്കാലത്ത്.

എഷ്ബാനെ യൗസേപ്പ് കൂടെക്കൂട്ടിയിട്ട്  മാസങ്ങൾ കുറേയായിരിക്കുന്നു. അദ്ദേഹത്തിന്റെ കൂടെയാണ് അവന്റെയും താമസം. യൗസേപ്പിതാവിനെ സ്വന്തം അപ്പനെപ്പോലെയാണു താൻ കരുതുന്നത്. മറിയം അമ്മ ഭക്ഷണം ഒരുക്കിത്തരും . അവരുടെ കൂടെ തന്നെ ഇരുന്നു കഴിയ്ക്കും.  പരിശീലനം നൽകുന്നതിനിടയിലും  ചെറിയ പണികളൊക്കെ യൗസേപ്പ് എഷ്ബാനെ ഏൽപ്പിക്കുന്നുണ്ട്. യൗസേപ്പിതാവ് കണക്കും അളവും പറഞ്ഞു തരും. താൻ അതുപോലെ തന്നെ ചെയ്യും. അതിപ്രധാനമായ സാബത്ത് ദിവസങ്ങൾ ആചരിക്കാൻ യൗസേപ്പ് എഷ്ബാനെ വീട്ടിലേയ്ക്ക് പറഞ്ഞയയ്ക്കും.  അപ്പന്റെ കയ്യിൽ ഏൽപ്പിക്കാൻ കൊടുക്കാൻ കുറേ ദനാറയും  കൊടുത്തുവിടും.  മറിയം അമ്മ വീട്ടിൽ ഇരുന്ന് ചണത്തിന്റെ നൂലുകൊണ്ട് മേലങ്കികൾ നെയ്യുന്ന തൊഴിലുമുണ്ട്. അതും ഒരെണ്ണം കയ്യിൽ തരും.   യൗസേപ്പിതാവിന്റെ മകൻ യേഷ്വ തന്റെ ഉറ്റകൂട്ടുകാരനായി മാറിയിരിക്കുന്നു.

അന്നൊരു ദിവസം ..

ഒരു സാബത്ത് കഴിഞ്ഞുള്ള തിരിച്ചുവരവിൽ കണ്ടത് വീടിന്റെ മുറ്റത്ത് എന്തോ ആലോചിച്ചിരിക്കുന്ന യൗസേപ്പിതാവിനെയാണ്.  യൗസേപ്പിതാവ് ഏറേ നേരം മൗനമായി നിന്നതിനാലാവാം,  കാര്യമെന്തെന്നറിയില്ലെങ്കിലും എന്തോ സംഭവിച്ചെന്ന മട്ടിൽ അതിനരികിലായി എട്ടുവയസ്സുകാരൻ യേഷ്വ തലകുനിച്ച് നിൽക്കുന്നുണ്ട്. എന്താണു സംഭവിച്ചതെന്നറിയാതെ യൗസേപ്പിതാവിനെയും യേഷ്വയേയും മറിയത്തേയും മാറിമാറി നോക്കിനിൽക്കുകയായിരുന്നു.  മറിയം അമ്മയാണ് കാര്യം എന്തെന്ന് പറഞ്ഞു തന്നത് . ആയിടെ,  ജെറുസലേം ദേവാലയത്തിൽ ബലിയർപ്പിക്കാൻ വരുന്ന ജനങ്ങൾക്ക് ഉപയോഗിക്കാൻ ,  അവർ ബലിവസ്തുവായി കൊണ്ടുവരുന്ന ആട്ടിൻ കുട്ടികളെ കഴുത്തറുത്ത് കൊല്ലാനായി , പുതിയ ഒരു ബലിപീഠം കൂടി പണിയാനുള്ള ജോലി യൗസേപ്പിതാവ് ഏറ്റിരുന്നു. അതിനായി കൊണ്ടുവന്ന മരത്തടികളിൽ ഒന്നിൽ , യൗസേപ്പ് കാണാത്ത ഏതോ സമയത്ത് , യേഷ്വ രണ്ട് ആണികൾ തറച്ചു. ആറോ ഏഴോ മുഴം അകലത്തിൽ വളരെ വ്യക്തമായി കാണാവുന്ന രണ്ടു ആണിപഴുതുകൾ. അവിചാരിതമായി, ജോലിയുടെ പുരോഗതി അന്വേഷിക്കാൻ വന്ന ജനപ്രമാണികളിൽ ആരോ ഇതു കണ്ടെത്തി. ഈ മരത്തടി ഇനി ദേവാലയത്തിൽ ഉപയോഗിക്കാനാവില്ല എന്നു വിധിയെഴുതി അവർ പോയി. യൗസേപ്പിതാവ് അപ്പോഴും മൗനമായിരുന്ന് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു.

കുറച്ച് നേരം കഴിഞ്ഞ് യൗസേപ്പിതാവ് ചിന്തയിൽ നിന്നുണർന്നു. പണിശാലയിൽ ഒരു മൂലയ്ക്ക് ഇരിക്കുകയായിരുന്ന എന്നോട് ഒരു യാത്ര പോവാമെന്ന് ആവശ്യപ്പെട്ടു. യാത്രയിൽ സ്ഥിരം കരുതുന്ന സഞ്ചി തപ്പിയെടുത്തുകൊണ്ട് വന്നപ്പോഴേയ്ക്കും , യൗസേപ്പിതാവ് മുറ്റത്ത് നിൽക്കുന്നുണ്ട്. തോളിൽ ആ ഭാരമേറിയ വലിയ മരത്തടിയും.  പോവുന്നത് തന്റെ അപ്പനായ തോബിയാസിന്റെ അടുത്തേയ്ക്കാണ് എന്നു പറഞ്ഞു. തലയോട്ടിയിടം എന്നർഥമുള്ള ഗോൽഗോത്തായുടെ താഴ്വരയിലേയ്ക്ക്. ആറു മുഴം അകലത്തിൽ ആണിപ്പഴുതുകൾ പതിഞ്ഞ  ആ വലിയ മരത്തടി, ഇനി കുരിശുമരം ഉണ്ടാക്കാനല്ലാതെ മറ്റൊന്നിനും ഉപകരിക്കുകയില്ല എന്ന് യൗസേപ്പിതാവു പറഞ്ഞു. വ്യക്തമായി മനസ്സിലായില്ലെങ്കിലും താനും കൂടെ നടന്നു.  ഭാരമേറിയ മരത്തടിയും ചുമന്ന് യൗസേപ്പിതാവ് മുന്നേ നടന്നു. തലയോട്ടികളുടെ താഴ്വര ലക്ഷ്യമാക്കി.  മരക്കുരിശിന്റെ വഴിയിലൂടെ.

ക്രിസ്തുവർഷം മുപ്പത്തിമൂന്ന് (AD 0033) 

ഗോൽഗോത്താ മലയുടെ താഴ്വര.  തിബേരിയൂസ് ചക്രവർത്തിയുടെ ഭരണകാലം ശിശിരകാലത്തിന്റെ തുടക്കം. 

തോബിയാസ് മരിച്ചു. അപ്പന്റെ മരണശേഷം മരക്കുരിശുകൾ നിർമ്മിക്കാനുള്ള ജോലി തോബിയാസിന്റെ മകനായ എഷ്ബാൻ ചെയ്യണമെന്ന് ചക്രവർത്തിയുടെ കയ്യാളനും നാടുവാഴിയുമായിരുന്ന പാന്തിയോസ് പീലാത്തോസിന്റെ കൽപ്പനയുണ്ടായി. മരിച്ച മനസ്സുമായി അപ്പൻ ജീവിച്ചു പകുതിയാക്കിവെച്ച തൊഴിൽ മകൻ തുടരുന്നു. യൗസേപ്പിതാവു മരിച്ച് കുറേ വർഷങ്ങൾക്കു ശേഷമാണ് അപ്പൻ മരിച്ചത്.

പെസഹാ തിരുന്നാളിനോട് അടുത്തായി ഒരു ദിവസം..

യേഷ്വയെ ഒരു പ്രവാചകനായ് ജനങ്ങൾ അംഗീകരിച്ചുരുന്നു. അവന്റെ ലാളിത്യം നിറഞ്ഞ ജീവിതവും സ്നേഹത്തിന്റെ പ്രബോധനങ്ങളും രോഗികളോടുള്ള കാരുണ്യവും ദരിദ്രരോടും സമൂഹത്തിലെ വെറുക്കപ്പെട്ടവരോടുള്ള അനുകമ്പയും കണ്ട ജനങ്ങൾ അവനെ അനുഗമിക്കാൻ തുടങ്ങി. ഇതേ കാരണത്താൽ, പുരോഹിതരും നിയമജ്ഞരും ഫരിശേയരും അടങ്ങിയ ഒരു വിഭാഗം അവനെ തങ്ങളുടെ നിലനിൽപ്പിനു വിലങ്ങായി നിൽക്കുന്ന ശത്രുവായി കാണാൻ തുടങ്ങി.

തന്റെ തൊഴിൽശാലയിൽ നിൽക്കുമ്പോഴെപ്പൊഴോ , യേഷ്വയെ ഈ പെസഹാത്തിരുന്നാൾ കഴിഞ്ഞ് വരുന്ന സാബത്തിനു മുന്നോടിയായി, ദൈവദൂഷണം പറഞ്ഞു എന്ന കുറ്റമാരോപിച്ച്, കുരിശിൽ തറച്ച് കൊന്നുകളയാൻ പുരോഹിതരും ജനപ്രമാണികളും പദ്ധതിയിടുന്നതായി ഏതാനും പടയാളികളുടെ സംസാരത്തിൽ നിന്ന് എഷ്ബാൻ അറിയാനിടയായി . അതിയായ ഭാരമുള്ള ഒരു മരത്തടി അന്വേഷിച്ചാണ് അവർ വന്നിരിക്കുന്നത്.  അതറിഞ്ഞ നിമിഷം എഷ്ബാൻ യേഷ്വയെ അന്വേഷിച്ച് പുറത്തേക്കിറങ്ങി ഓടി. കാണുന്നവരോടെല്ലാം അവൻ യേഷ്വയെ പറ്റി തിരക്കിക്കൊണ്ടിരുന്നു. അവൻ പരക്കം പായുകയായിരുന്നു.

ജെറുസലേം നഗരത്തിന്റെ  കിഴക്കുഭാഗത്തായി, ഒലീവ് മലനിരകൾക്കരികിൽ,  ഉയരമുള്ള മരങ്ങളും പാറക്കെട്ടുകളും കൊണ്ടു നിറഞ്ഞ ഗാദ് -സമേനീ  (Gethsemene) എന്ന ഒരു താഴ്വര. 

“.. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ, പന്ത്രണ്ടുപേരിൽ ഒരുവനായ യൂദാസ് അവിടെയെത്തി. അവനോടുകൂടെ പ്രധാന പുരോഹിതന്മാരുടേയും നിയമജ്ഞരുടേയും ജനപ്രമാണികളുടേയും അടുത്തുനിന്നു വാളും വടിയുമായി ഒരു ജനക്കൂട്ടവും വന്നിരുന്നു. അവർ യേശുവിനെ പിടിച്ചു ബന്ധിച്ചു. ഇതെല്ലാം കണ്ട്, അവനോടൊപ്പം അവിടെ ഉണ്ടായിരുന്ന മറ്റു ശിഷ്യന്മാരെല്ലാവരും അവനെ വിട്ട് ഓടിപ്പോയി. എന്നാൽ, ഒരു യുവാവ് മാത്രം അവനെ അനുഗമിച്ചു. അവൻ ഒരു പുതപ്പു മാത്രമേ തന്റെ ശരീരത്തിൽ ചുറ്റിയിരുന്നുള്ളൂ. അവന്റെ പേരു എഷ്ബാൻ എന്നായിരുന്നു. അവർ അവനെയും പിടിച്ചു…” വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിൽ നിന്ന് ( 14 : 50 -51)

സാബത്തിനു തലേ ദിവസമുള്ള വെള്ളിയാഴ്ച. ഗോൽഗോത്താ മലയുടെ മുകളിൽ..

ബോധം വന്നപ്പോൾ എഷ്ബാൻ വലത്തേയ്ക്ക് തിരിഞ്ഞു നോക്കി. തന്റെ സ്നേഹിതനായ യേഷ്വയെ തന്റെ അരികിലായി കുരിശിൽ തറച്ചിട്ടുണ്ട്. പടയാളികൾ മൂന്നാമതൊരാളേകൂടി കുരിശിൽ തറയ്ക്കുന്നതിന്റെ തിരക്കിലാണ്. അവനെ രക്ഷിക്കാനായി തനിക്ക് സാധിച്ചില്ല. എങ്കിലും, അവനോടുകൂടി മരിക്കാൻ അതിലേറേ സന്തോഷം തോന്നുന്നു.

യേഷ്വയെ ആദ്യം വിട്ടയയ്ക്കുമെന്ന് കരുതിയതാണ്. സാധാരണയായി വധശിക്ഷയ്ക്ക് തൊട്ടുമുന്നേയുള്ള വിചാരണയിൽ വിധി പുനർവിചിന്തനം ചെയ്യാറുള്ളതാണ്. ഒരുപക്ഷേ , കുരിശുമരണം എന്നുള്ളത് ഒഴിവാക്കി , അൻപതോ നൂറോ ചാട്ടവാറടി മാത്രമായി ശിക്ഷയിൽ ഇളവു നൽകും. വിധി നിർണ്ണയത്തിനിടെ യേഷ്വയ്ക്ക് നൂറു ചാട്ടവാറടി ശിക്ഷയായി വിധിച്ചപ്പോൾ തന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. കൂട്ടുകാരൻ മരിക്കുകയില്ല. പണിയെടുത്ത് ഉരുക്കു പോലെ ഉള്ള ശരീരം ആണ് യേഷ്വയുടേത്.  ചാട്ടവാറടിയുടെ പരിക്ക് മരുന്നുകൊണ്ട് മാറ്റാനുള്ള ആരോഗ്യം ഉണ്ട്.

ചാട്ടവാറടി കഴിഞ്ഞ് എത്തിയ യേഷ്വയെ കണ്ടപ്പോൾ ചങ്കും ശരീരവും തളർന്നു. ഇരുമ്പിന്റെ കൊളുത്തുകൾ നിറഞ്ഞ ചാട്ടയാണ് ഉപയോഗിച്ചിരിക്കുന്നത്. യേഷ്വ ഒടിഞ്ഞ് തളർന്നാണ് നിന്നിരുന്നത്. തലയിൽ ആരോ മുള്ളുകൾ നിറഞ്ഞ ഒരു വളയം അമർത്തി തറച്ചു വെച്ചുകൊടുത്തിട്ടുണ്ട്.  ചുറ്റും അവനെ ക്രൂശിക്കുക എന്ന് ആക്രോശിച്ചുകൊണ്ട് ജനക്കൂട്ടവും പുരോഹിത പ്രമുഖന്മാരും ജനപ്രമാണികളും. യേശുവിനെ അത്യധികം സ്നേഹിച്ച ജറുസലേം നഗരത്തിലെ അതേ ജനക്കൂട്ടം അവനെതിരേ  തിരിഞ്ഞിരിക്കുന്നു. പതിവുകൾക്ക് വിപരീതമായി, ചാട്ടവാറടി കഴിഞ്ഞ് വന്നതിനു ശേഷവും വീണ്ടും യേഷ്വയെ വിചാരണ ചെയ്യുകയാണ്. വീണ്ടും, പതിവുകൾക്ക് വിപരീതമായി, ഒരു തടവുകാരനെ ശിക്ഷ നടപ്പിലാക്കാൻ ജനങ്ങൾക്ക് ഏൽപ്പിച്ചുകൊണ്ട് വിധി പ്രസ്ഥാവിച്ചയാൾ കൈ കഴുകുന്നു. അവൻ എല്ലാ പതിവുകൾക്കും അതീതനാണ്.

കണ്ണിൽ ഇരുട്ടുകയറുന്നതു പോലെ തോന്നി. മനസ്സിലും..

സമനില തെറ്റിയ എഷ്ബാൻ പുരോഹിതപ്രമുഖന്മാർക്കു നേരെ പാഞ്ഞു ചെന്നു.

ഗോൽഗോത്താ മലയുടെ മുകളിൽ. 

യേഷ്വയുടെ കഴുത്ത് ഒടിഞ്ഞെന്ന് തോന്നിക്കുന്ന വിധം തല താഴേയ്ക്ക് ചാഞ്ഞ് കിടക്കുകയാണ്. ബോധമില്ല. ചാട്ടവാറടിയേറ്റ മുറിവുകളിലൂടെ രക്തം മുഴുവൻ ഒഴുകി തീർന്ന് ശരീരം മഞ്ഞ നിറമായി മാറിയിട്ടുണ്ട്. കുരിശിനു താഴെ രക്തം തളം കെട്ടി കട്ടപിടിച്ച് തുടങ്ങിയിരിക്കുന്നു.

അതിനിടെ എഷ്ബാൻ ആ മരക്കുരിശ് തിരിച്ചറിഞ്ഞു. ജെറുസലേം ദേവാലയത്തിലെ ഏറ്റവും വലിയ ബലി പൂർത്തിയാക്കാൻ തിരഞ്ഞെടുക്കപ്പെട്ട ആ മരക്കുരിശ്. അവന്റെ കൈകൾ അതിലേയ്ക്ക് വലിച്ചടുപ്പിക്കാൻ പടയാളികൾ ബുദ്ധിമുട്ടിയിട്ടുണ്ട്. ആദ്യം വലതുകയ്യിൽ ആണിയടിച്ച ശേഷം , ഇടതു കൈ ആണിപ്പഴുതിലേയ്ക്ക് വലിച്ചടുപ്പിക്കുന്നതിനിടയിൽ വലതു ഉള്ളം കയ് വലിഞ്ഞ് കീറി കൈത്തണ്ടയിലെ മണിബന്ധം അറ്റ് പോയിട്ടുണ്ട്. തന്റെ ആണിപ്പഴുതുകൾ അവൻ തന്നെ തിരഞ്ഞെടുത്തു. ആണിപ്പഴുതുകളുടെ അളവുകൾ അവൻ തന്നെ തീരുമാനിക്കുകയായിരുന്നു.

യേഷ്വാ..

ഏഷ്ബാൻ വിളിച്ചു.

യേഷ്വാ പതുക്കെ ഞരങ്ങി. കൂട്ടുകാരന്റെ ശബ്ദം യേഷ്വാ തിരിച്ചറിഞ്ഞു. അവൻ തലയുയർത്തി എഷ്ബാനെ നോക്കി. ചാട്ടാവാറു കൊണ്ടുള്ള അടിയേറ്റ് മുന്നിലെ മൂന്ന് പല്ല് പോയിട്ടുണ്ട്. അടികൊണ്ട് ചുണ്ട് വീർത്ത് വിങ്ങലിച്ച് ഇരിക്കുകയാണ്. എന്നിട്ടും യേഷ്വാ കൂട്ടുകാരനെ തിരിച്ചറിഞ്ഞു. അവനെ നോക്കി ചിരിക്കാൻ ശ്രമിക്കുന്നു.

എഷ്ബാൻ , നീ ഇന്ന് എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും. അത് പറഞ്ഞു മുഴുമിപ്പിക്കാനും, അത്രയും നേരം തല ഉയർത്തിപ്പിടിക്കുവാനുമുള്ള ബലം അവനില്ല. യേഷ്വാ തല താഴ്ത്തി.

തന്റെ കുരിശിനു താഴെ നിന്നിരുന്ന ജനപ്രമാണികൾ സാബത്തിന്റെ ലംഘനം ഒഴിവാക്കുന്നതിനായുള്ള നിയമങ്ങൾ പടയാളികൾക്ക് വിവരിക്കുകയായിരുന്നു. കുരിശിൽ നിന്ന് ശരീരങ്ങൾ നിലത്തിറക്കുന്നതിനു മുന്നേ മരണം ഉറപ്പാക്കാനായി അവർ പടയാളികളോട് നിർദ്ദേശിച്ചു. തന്റെ കണങ്കാലുകൾ അടിച്ചു തകർക്കാനായി ഇരുമ്പിന്റെ കൂടം തിരയുന്ന ഒരു പടയളിയെ എഷ്ബാൻ അവ്യക്തമായി കണ്ടു. അതിനരികെ അവൻ തന്റെ അപ്പനെ കണ്ടു. അപ്പന്റെ അരികിലായി അവൻ യൗസേപ്പിതാവിനെ കണ്ടു.  കൂടെ എട്ടുവയസ്സുകാരൻ യേഷ്വയെ കണ്ടു. അവൻ അവരെ നോക്കി ചിരിച്ചു.

ഇരുമ്പു കൂടം കൊണ്ടുള്ള അടിയേറ്റ് കണങ്കാലിലെ എല്ലുകൾ നുറുങ്ങുമ്പോഴും അവന്റെ മനസ്സു നിറയെ പറുദീസയായിരുന്നു.

Advertisements