ഡംഷെറാഡ്സ്..!ബിനു നാട്ടിലേക്ക് കെട്ടിഎടുത്തു..
ബാംഗളൂര് കിട്ടാത്ത ഏകസാധനം എന്ന പേരുംപറഞ്ഞ് കാലത്തെ തന്നെ രണ്ടുലോഡ് പുട്ടും കടലക്കറിയും കട്ടന്‍ചായേം വെട്ടി. വെട്ട് ഓവറായെന്ന തിരിച്ചറിവില്‍ എല്ലാം ഒന്ന് സെറ്റ് ആവുന്നതുവരെ വീടിന്റെ ഉമ്മറത്ത് മനോരമയും മുന്നില്‍വെച്ച് ഇച്ചിരി പ്രയാസത്തോടെ കമന്നുകിടക്കുന്നതാണ് സീന്‍ ‌!

അന്നേരം പരപ്പിലെ ഏഴെട്ടണ്ണം ശനിയാഴ്ച എങ്ങനെ വിനിയോഗിക്കണം എന്ന ചിന്തയില്‍ വഴിയിലൂടെ തേരാപ്പാര നടക്കുന്നത് കണ്ടു. എന്നെ കണ്ടപ്പോള്‍ ബിന്‍ച്ചേട്ടാ എപ്പവന്ന് എന്നൊക്കെ പറഞ്ഞ് ഞങ്ങടെ വീട്ടുമുറ്റത്തേക്ക് കേറി വന്നു.. പിന്നീട് നടത്തിയ ചര്‍ച്ചയില്‍ മനസ്സിലായി ഇവന്മാര്‍ക്ക് ഈ സീസണില്‍ പുതിയ തരം എന്തേലും കളി കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.. പരപ്പില്‍ എല്ലാ സീസണിലും ഓരോതരം കളികള്‍ ആണ് സ്ഥിരമായി ആചരിച്ചുവരുന്നത്.. തീപ്പട്ടിപ്പടം , നേബിള് (പുസ്തകത്തില്‍ പേരെഴുതി ഒട്ടിക്കുന്ന നെയിംസ്ലിപ്പ് ) ,സൈക്കിളിന്റെ ഫ്രണ്ട് വീല് പൊക്കല്‍ , പമ്പരം , ആ ഡബ്ളു.സബ്ളു.ഈയിലെ തടിയന്മാരുടെ പേരും മസിലും എഴുതിയ കാര്‍ഡ് കൊണ്ടുള്ള ഒരുതരം കളി അങ്ങനെ എല്ലാ രണ്ടുമാസം കൂടുന്തോറും എന്തേലുമൊക്കെ ഇങ്ങനെ വന്നുകൊണ്ടിരിക്കും. അതെല്ലാം ബോറായിത്തുടങ്ങിയിരിക്കുന്നു..

“ഡെ, പിള്ളേഴ്സ് ഒരു കളിയുണ്ട് ..ഡംഷെറാഡ്സ്..”

ഞാന്‍ രണ്ടാഴ്ച മുന്നേ കോണ്ടിയില്‍നിന്ന് ഒഫീഷ്യല്‍ ടൂറിനുപോയപ്പോ ഇംഗ്ളീഷ് സിനിമകളുടെ (!) അതെ ഇംഗ്ളീഷ് സിനിമകളുടെ പേരു പറഞ്ഞ് അത് ആംഗ്യംകാണിച്ച് സ്വന്തം ടീമിലുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്ന ഈ കളിയില്‍ ആകൃ‌ഷ്ടനാവുകയായിരുന്നു.. കളിയറിയാത്തവന്മാര്‍ വിക്കിപ്പീടിക തപ്പാന്‍ പോവണ്ട ..ബിനു പറഞ്ഞു തരുന്നതാണ്.. രണ്ടു ടീം വേണം.. നമ്മടെ ടീമിലൊരുത്തന്‍ , ഫോറെക്സാംപ്ള് ഞാന്‍ മറ്റേ ടീമിന്റെ അടുത്ത് ചെല്ലുകയും അവര്‍ എന്റെ ചെവിയില്‍ ഒരു ഇംഗ്ളീഷ് സിനിമയുടെ പേര് കുശുകുശുക്കുകയും ചെയ്യും. ഞാന്‍ തിരിച്ച് വന്ന് ആംഗ്യഭാഷയില്‍ ആ സിനിമയുടെ പേര് നമ്മുടെ ടീമിന്റെ മുന്നില്‍ അവതരിപ്പിക്കണം. ഇംഗ്ളീഷ് സിനിമകള്‍ കണ്ട് പരിജ്ഞാനമുള്ളവര്‍ നമ്മുടെ ടീമില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് നമ്മള്‍ കാണിക്കുന്ന കോപ്രായത്തില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലായി കറക്റ്റ് ഉത്തരം പറഞ്ഞാല്‍ നമ്മ ജെയീക്കും.‌! സിംപ്ളാണ്..നിങ്ങള്‍ക്കും കുടുമ്മത്തോടൊപ്പം കളിച്ചുനോക്കാവുന്നതാണ്..

“എന്തുട്ടാ ബിന്‍ച്ചേട്ടാ ഡം..? എന്തുടാണെന്ന് ഒന്നൂടെ പറഞ്ഞേ..”

“ഡാ, നീയൊന്നും ഈ കളിയുടെ പേര് ഈ ജന്മത്ത് പഠിക്കുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ലാത്തതുകൊണ്ട് നമുക്കിതിനെ ഊമക്കളി എന്നു വിളീക്കാം..”

പരപ്പില്‍ ഈ തലമുറയ്ക്ക് പഴയതലമുറയുടെ ആ ലെവെല്‍ ഇല്ലാത്തതോര്‍ത്ത് നെടുവീര്‍പ്പിട്ട് ഞാന്‍ അവര്‍ക്ക് നിയമങ്ങള്‍ വിവരിച്ചുകൊടുത്തു. മലയാളം പടങ്ങളൂം പിന്നെ സൂര്യ , വിജയ് ,അല്ലു അര്‍ജുന്‍ എന്നിവരുടെ സിനിമകളും മാത്രമേ മല്‍സരത്തിന് പരിഗണിക്കാവൂ എന്ന് തീരുമാനത്തെ എല്ലാവരും മുക്തകണ്ഠേന പ്രശംസിച്ചു. തോള് ചരിച്ചു പിടിച്ചാല്‍ മോഹന്‍ലാല്.. കൈകൊണ്ട് രണ്ടു തവണ കുത്തിയാല്‍ മമ്മുട്ടി.. തലയാട്ടിക്കൊണ്ട് ഷിറ്റ് ആക്ഷന്‍ കാണിച്ചാല്‍ സുരേഷ് ഗോവി. പൊട്ടനെപ്പോലെ നിന്നാല് പ്രിത്തിരാജ് ,പിന്നെ രണ്ടുപല്ല് കാണിച്ചാല്‍ സന്തോഷ് പണ്ടിറ്റ് എന്നൊക്കെ പെട്ടെന്ന് പെട്ടെന്ന് നിയമസംഹിതയില്‍ കൂട്ടിച്ചേര്‍ക്കപെട്ടു.

നാലും പിന്നെ ഞാനുള്‍പ്പെടുന്ന നാലും ആയി രണ്ടു ടീം ..കളി തുടങ്ങി..
എല്ലാവരുടെയും അഭ്യര്‍ഥന പ്രകാരം ഞാന്‍ ആദ്യംപോയി
അവന്മാര് ഉദയനാണു താരം പറഞ്ഞു..
ഞാന്‍ മോഹന്‍ലാലിനെയും പിന്നെ സൂര്യന്‍, കടല്‍ ..ഉദയം.. അങ്ങനെ കാണിച്ച് ഉദയനാണു താരം എന്റെ ടീമിനെക്കൊണ്ട് പറയിപ്പിച്ചു..
പിള്ളേര്‍ക്ക് സംഭവം ഇഷ്ടപെട്ടു..

ആ ടീമില്‍നിന്ന് ഒരുത്തന്‍ ഇങ്ങോട്ടു വന്നു.. ഒട്ടേറെ അഭിനയസാധ്യതയുള്ള ഒരു സിനിമാപ്പേരെന്ന നിലയില്‍ ഞാന്‍ അവന്റെ ചെവിയില്‍ രാവണപ്രഭു എന്നു പറഞ്ഞുകൊടുത്തു. രാവണന്‍ ..പത്തു തല എന്നൊക്കെ ആംഗ്യംകാണിക്കും എന്ന പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ട് അവന്‍ മോഹന്‍ലാല് ഒരു സിഗരറ്റ് വായില്‍വെച്ചിട്ട് തുപ്പിക്കാണിക്കുന്നത് അഭിനയിച്ചുകാണിച്ചു.. അതുകണ്ട സകല അവന്മാരുംകൂടി രാവണപ്രഭു രാവണപ്രഭു എന്ന് വിളിച്ച്കൂവുന്നത് കണ്ട് എന്റെ പിഞ്ചുമനം നൊന്തു. മൂല്യാധിഷ്ഠിതവിദ്യാഭ്യാസത്തിലുമുപരി സിനിമ കച്ചവടവല്‍ക്കരിക്കപ്പെടുമ്പോള്‍ ഇതൊക്കെ കാണേണ്ടി വരുമെന്ന് ഞാന്‍ മനസ്സിലോര്‍ത്തു.

ഞങ്ങടെ ടീമില്‍നിന്ന് ഒരുത്തന്‍ അങ്ങോട്ടുപോയി..
തിരിച്ചു വന്നിട്ട് മൊബൈലില് വിളിക്കുന്നത് ആംഗ്യം കാണിച്ചു..
ഹലോ ,ഹലോ മൈഡിയര്‍ റോങ്ങ്നമ്പര്‍ , അങ്ങനെ ഞങ്ങടെ ടീം ഒരോ അഭിപ്രായം വിളീച്ചുകൂവി..
പിന്നെ മനസിലായി മുഴുവന് സിനിമാപ്പേരിന്റെ ആദ്യസെക്ഷന്‍ “കോള് ” എന്നാണ്.. “കോള് ” എന്നാണവന്‍ ആംഗ്യം കാണിച്ചത്..
ആദ്യഹാഫ് കിട്ടിയ ആശ്വാസത്തില്‍ ലവന്‍ രണ്ടാമത്തെ ഹാഫ് ആംഗ്യം കാണിക്കാന്‍ തുടങ്ങി.
കകൂസില്‍ ഇരുന്നിട്ട് വയറിളക്കം വരുന്ന ആക്ഷന്‍ .. സ്മാരക അഭിനയം.
രണ്ടുംകൂടി ചേര്‍ത്ത് വായിച്ച് ഒരു സിനിമാപ്പേരുണ്ടാക്കാന്‍ ഞാന്‍ കഷ്ടപ്പെടുന്നതിനിടയില്‍ ഞങ്ങടെ ടീമിലുള്ളവന്മാര്‍ വിളീച്ചുകൂവി..
“കോളിളക്കം..കോളിളക്കം..”

അപ്പറത്തെ ടീമിലുള്ളതില്‍ മലയ്ക്ക് പോവാന്‍ മാലയൊക്കെ ഇട്ട ഒരുത്തന്‍ ഇങ്ങോട്ടുവന്നു..
ഭക്തിസാന്ദ്രമായ ആ വരവുകണ്ട് ഞാനവന് കുരുക്ഷേത്ര എന്ന മൂവി പറഞ്ഞുകൊടുത്തു. അവന്‍ നേരെ പോയി ആദ്യം മോഹന്‍ലാലിനെ കാണിച്ചു.. പിന്നെ കുറച്ചുനേരം ആലോചിച്ചു.. അന്നിട്ട് അവന്‍ അവന്റെ തന്നെ ചന്തി ചൂണ്ടിക്കാട്ടാന്‍ തുടങ്ങി. കര്‍ത്താവേ ഞാന്‍ പറഞ്ഞുകൊടുത്ത പേര് ഇവന്‍ മര്യാദയ്ക്ക് ശ്രവിച്ചില്ലായിരുന്നോ എന്നോര്‍ത്ത് ഞാനല്പ്പം പരിഭ്രമിക്കുകയാണുണ്ടായത്.. ഇവന്‍ ചന്തി ചൂണ്ടിക്കാണിച്ചിട്ട് ഇരിക്കാന്‍ ബുദ്ധിമുട്ടുന്ന ആക്ഷന്‍ കാണിക്കുന്നു.. അന്നേരം അവിടെ ഉള്ളവന്മാര്‍ മൂലക്കുരു.. അതില്‍ നിന്ന് കുരു.. പിന്നെ മോഹന്ലാലും കുരുവും തമ്മില്‍ കൂട്ടിവായിച്ച് കുരുക്ഷേത്ര എന്ന് നിസ്സാരമായി പറയുകയാണുണ്ടായത്.. മാനസികമായി ഇടിഞ്ഞ നിമിഷങ്ങള്‍..

ഞങ്ങടെ ടീമില്‍ നിന്ന് വേറെ ഒരുത്തന്‍ അങ്ങോട്ടു പോയി..
തിരിച്ച് വന്നിട്ട് അവന്‍ മാനത്തു നോക്കി നില്‍ക്കുന്നു.. പിന്നെ നേരെ നിലത്ത് ഒരു ഇരിപ്പ് ഇരുന്നു..
കളസം സ്വല്പ്പം പൊക്കിവെച്ചു..
എന്നിട്ട് നിലത്ത് ഇരുന്ന ഇരിപ്പില്‍ അരിയാട്ടാന്‍ തുടങ്ങി..
അരിയാട്ടല്‍ ..അരി..അരിപ്രാഞ്ചി.. പ്രാഞ്ചിയേട്ടന്‍ എന്നൊക്കെ ചിന്തിച്ചുകൊണ്ട് ഞാന്‍ നില്‍ക്കുന്ന സമയം ..
ടീമിലെ ബാക്കി രണ്ടെണ്ണം എഴുന്നേറ്റ് നിന്ന് കാറി..
“രതിനിര്‍വേദം.. രതിനിര്‍വേദം.. ”

മമ്മി അടുക്കളയില്‍നിന്ന് ഇതുംകേട്ട് ചട്ടുകവും പിടിച്ച് ഓടിവരുന്നതിനുമുന്നേ ഞാന്‍ തന്നെ എല്ലാത്തിനെയും താന്താങ്ങളുടെ വീടുകളിലേക്ക് പറഞ്ഞയച്ചു.. പരപ്പിലെ കുരിപ്പ്സെറ്റ് എന്നെങ്കിലും നന്നാവണമേ എന്ന പ്രാര്‍ഥനയോടുകൂടി..
ബിനു!


download_pdf

Advertisements

28 thoughts on “ഡംഷെറാഡ്സ്..!

  1. ഇതൊക്കെ നിന്റെ കൈയ്യീന്ന് ഇട്ടിട്ട് കുരിപ്പുകളുടെ തലയില്‍ കെട്ടിവെക്കുന്നതല്ലേ എന്നാണെന്റെ സംശയം. നിന്റെ ഒരു വിദ്യാഭാസം വെച്ചിട്ട്….

 1. കിടു… ലാലേട്ടനിട്ട്‌ പണിതെങ്കിലും എല്ലാം എനിക്കിഷട്ടപ്പെട്ടു….
  പക്ഷെ ഞാനും മോളിലേ കമണ്റ്റിനോട്‌ യോജിക്കുന്നു ! ആ പാവം പിള്ളേര്‍ടെ തലയില്‍ ചേട്ടന്‍ ഇതൊക്കെ കെട്ടിവെയ്ക്കുന്നതല്ലേ !??
  കൊച്ച്‌ ഗള്ളാ..
  ~vadakkanachaayan.wordpress.com

 2. അളീ കിടിലം…

  പണ്ടൊരിക്കല്‍ അഭിനയിക്കാന്‍ വന്നവന്‍ നേരെ തിരിഞ്ഞ് നിന്ന് തന്‍റെ പിന്നാമ്പുറത്തൊന്ന് തട്ടിക്കാണിച്ച് അടുത്ത സെക്കന്‍റില്‍ അവന്‍റെ ടീംമേറ്റ് “ഒരു വടക്കന്‍ വീരഗാഥ” എന്നലറി ഫുള്‍ പോയിന്‍റടിച്ചത് ഓര്‍മ്മവന്നു.
  (ചന്തി-ചന്തു-വടക്കന്‍ വീരഗാഥ)

 3. അളിയാ കിടിലം..

  കഴിഞ്ഞ ആഴ്ച ഞാനും പോയിരുന്നെടെ… ഇത് തന്നെ പൂരം… “ആയി മിലന്‍ കീ ബേലാ” എന്നൊരു ഹിന്ദി പടം എങ്ങനെയാ അവന്മാരെ കൊണ്ട് പറയിച്ചതെന്നു ദൈവത്തിനു പോലും അറിയില്ല.. ആ സമയത്തെങ്ങാനും ഡംഷെറാഡ്സ് കണ്ടു പിടിച്ചവനെ എന്റെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍ !!!!

 4. ഡംഷെറാഡ്സ് അറിയാത്ത പിള്ളേരൊക്കെ ഇപ്പോ വരാപ്പുഴയില്‍ മാത്രേ കാണൂ …..പോസ്റ്റ് കൊള്ളാം , എന്റെ പോസ്റ്റിന്റെ അത്ര വരില്ലേലും

 5. ഹഹഹ.. കിടിലം ഡാ.. ശരിക്കും ഞാന്‍ ഇവിടെ ഓര്‍ത്തോര്‍ത്തു ചിരിക്കുകയ…കഴിഞ്ഞ ആഴ്ച ഓഫീസില്‍ ഞങ്ങടെ ടീമിലും ഈ പരിപാടി ഉണ്ടാരുന്നു… രതിനിര്‍വേദം ഇറങ്ങിയ സമയത്ത് ഓഫീസില്‍ discuss ചെയ്യാന്‍ എളുപ്പത്തിനു ഞങ്ങള്‍ അതിനെ കുങ്ങ്ഫൂ പാണ്ട 2 എന്നാണ് വിളിച്ചു കൊണ്ടിരുന്നത്… ഞങ്ങടെ എതിര്‍ ടീമില്‍ കൂടുതലും പെണ്‍കുട്ടികള്‍ . എന്നാല്‍ അവന്മാര്‍ക്കിട്ടു ഒരു പണി കൊടുക്കാം എന്ന് വിചാരിച്ചു രതിനിര്‍വേദം പേര് പറഞ്ഞു കൊടുത്തു. പക്ഷെ അവര് ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു .കൈ ചുരുട്ടി വായുവില്‍ രണ്ടു ഇടി പിന്നെ കൈവിരല്‍ പൊക്കി 2 . ഡാ കിടക്കുന്നു കുങ്ങ്ഫൂ പാണ്ട…..രതിനിര്‍വേദം..

 6. സിഗററ്റ് വായില്‍ വച്ച് തുപ്പിക്കാണിച്ചാല്‍ രാവണപ്രഭു…, ഡംഷെറാഡ്സ് റെക്കോഡ്‌ വേഗത്തില്‍ ഫിനിഷ്‌ ചെയ്തതിനുള്ള അവാര്‍ഡ്‌ ആ കുരിപ്പിന് കൊടുക്കണം.

 7. കൊള്ളാം ബിനു. പണ്ട് ഈ സാധനം കളിച്ച് മലയാളത്തില്‍ ‘തകര’യും ഇംഗ്ലീഷില്‍ ‘ദി ഷോഷാങ്ക് റിഡംഷനും’ പറഞ്ഞ് എതിര്‍ ടീമിനെ വെള്ളം കുടിപ്പിച്ചത് ഓര്‍ക്കുന്നു…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w