തീരാത്ത പുല്‍ക്കൂടുകള്‍!


“ഡാ..നീ ആ ഫ്രണ്ടിലോട്ട് ചെന്നു നോക്കിയേ. ആ ഗേറ്റിന്‍റ്റെ അവിടെ രണ്ട് ക്‌ടാങ്ങള്‌ സൈക്കിളിനു വന്നിട്ട് ബെല്ലടിക്കുന്നുണ്ട്. ഒരുത്തന്‍ ആ സ്റ്റീഫന്‍റ്റെ എളയവന്‍ ആണെന്നു തോന്നുന്നു..വേഗം ചെന്നു എന്താണെന്നു ചോദിക്കടാ..”

“ഏതവന്‍മാരാണാവോ?..”

കാലത്തെ തന്നെ ഒരു പല്ലുതേക്കുന്ന ബ്രഷും പിടിച്ച് പറമ്പില്‍ തെണ്ടിനടക്കുകയായിരുന്നു ഞാന്‍. അവനവന്‍റ്റെ പറമ്പില്‍ പല്ലുതേച്ച് തുപ്പി ഇടുന്നതിന്റെ സുഖം കണ്ട വാഷ്ബേസിനില്‍ ഒന്നും തുപ്പിയാ കിട്ടൂല്ല.! മമ്മി അടുക്കളായില്‍ നിന്നു വിളിച്ചുപറയുന്നത് കേട്ട് ഞാന്‍ വീടിന്റെ മുന്‍വശത്തേക്ക് ചെന്നു.

“ആഹ..നിങ്ങളാര്‍ന്നാ..?”

“വിന്‍ച്ചേട്ടാ..വൈക്കോല്‌ കൊണ്ടൊന്നിട്ടുണ്ട്..എപ്പ തൊടങ്ങും പുല്‍ക്കൂട് പണി.?”

“കാലത്തെ ഒന്നും തിന്നിട്ടില്ലടാ..ഇപ്പ എണീച്ചോള്ളൂ.. പല്ലു തേക്കുവാര്‍ന്നു..ഒരു എട്ട് എട്ടര ആകുമ്പോഴേക്കും വാ..വല്ലതും തിന്നിട്ട് പണിതൊടങ്ങാം..അല്ലെങ്കി ഇവിടന്ന് കഴിക്ക്..പുട്ട് ഉണ്ട്..”

“വേണ്ട വിന്‍ച്ചേട്ടാ..ഞങ്ങള്‌ ഇപ്പ പോയിട്ട് എട്ടരയാവുമ്പം ബാക്കി എല്ലാത്തിനേം വിളിച്ചോണ്ട് വരാം! ഞങ്ങള്‍ വന്നിട്ട് പുല്‍കൂട് കെട്ടിയാ മതീട്ടാ..വൈക്കോല്‌ ഇനീം വേണൊ? ദിവന്റെ വീട്ടില്‍ ഇഷ്ടംപോലെയുണ്ട്..”

“ഓക്കെ..എന്നാ നിങ്ങള്‌ പോയിട്ട് വാ..”

എട്ടേകാലായപ്പോഴേക്കും പരപ്പിലെ അഞ്ചാറ്‌ കുരിപ്പുകള്‌ വീട്ടിനു മുന്നില്‍ എത്തിയിട്ട് ബഹളം തൊടങ്ങി..ഒരുത്തന്റെ സൈക്കിളിന്റെ പൊറകില്‌ കുറച്ച് പച്ചപ്പുല്ല്‌ മണ്ണുള്‍പ്പടെ ഒരു ലേയറായി ചെത്തി കൊണ്ടുവന്നിട്ടുണ്ട്. പുല്‍കൂട്ടില്‍ നിലത്തു വിരിക്കാം എന്നൊക്കെ പറയുന്നു.

ഞാന്‍ മമ്മീടെ ട്യൂഷന്‍ ക്ലാസില്‍ നിന്നും ഒരു ഡെസ്കും ബെന്‍ഞ്ചുമൊക്കെ പൊക്കികൊണ്ടുവന്ന് പുല്‍കൂട് പണി തുടങ്ങി. പിള്ളേരെല്ലാം കൂടി ഞാന്‍ എന്തൊക്കെ ചെയ്യുന്നു എന്നും നോക്കി ചുറ്റും ഇരിപ്പുണ്ട്. രണ്ടുമൂന്ന് ചെറിയ കുട്ടിപിശാചുക്കള്‍ ഇതിനിടയ്ക്ക് മമ്മീടെ ചെടിത്തോട്ടത്തില്‍ കയറിയത് ഞാന്‍ കണ്ടില്ല. അടുക്കളയില്‍ നിന്നെപ്പഴോ മമ്മി നോക്കിയപ്പോ ഒരുത്തന്‍ ഒരു ആന്തൂറിയം ചെടീമ്മെ പരാക്രമം നടത്തുന്നു.

“ദേ..ഒരുത്തന്‍ ആ ആന്തൂറിയം ഒടിക്കാന്‍ പോണേ..ഓടടാ എല്ലാം..”

മമ്മീടെ ഒച്ച കേട്ടു എന്താണെന്നറിയാന്‍ തിരിഞ്ഞു നോക്കിയപ്പോ മമ്മി ഒരു ചട്ടുകവും പിടിച്ച് മുറ്റത്തുണ്ട്..ആ പരിസരത്ത് നിന്നിരുന്ന ആറെണ്ണത്തിനേം കാണാനും ഇല്ല.!
അഞ്ചാറ്‌ കുരിപ്പുകള്‍ ഒരു സെക്കന്റ് കൊണ്ട് നിന്ന നില്‍പ്പില്‍ അപ്രത്യക്ഷമായത് സഹിക്കാം,അടുക്കളയില്‍ നിന്നിരുന്ന മമ്മി എങ്ങനെ ഒരു സെക്കന്റില്‍ മുറ്റത്ത് എത്തിയെന്നു ഒരു പിടിയും കിട്ടുന്നില്ല!

“നീയെവട നോക്കി നില്‍ക്കുവാരുന്നു? അവന്മാര്‌ എന്റെ ചെടികളെല്ലാം നശിപ്പിച്ചു..”

“അവന്‍മാരെ ഓടിക്കല്ലേ.. പുല്കൂടിനു വേണ്ട റൊ-മെറ്റീരിയല്‍സ് സപ്പ്ളൈ ചെയ്യുന്നത് അവന്‍മാരായിരുന്നു.. പിന്നെ,ഇവിടെ പുല്കൂട് കെട്ടുന്നത് എങ്ങനേന്നറിഞ്ഞിട്ടു വേണം അവന്മാര്‍ക്ക് വീട്ടില്‍പോയി ഇതുപോലെ തന്നെ കെട്ടി വെക്കാന്‍..അതാ എല്ലാം കൂടി നോക്കി നിന്നിരുന്നത്..”

“ഒരെണ്ണം പോയിട്ടുണ്ടാകില്ല..എല്ലാം ദേ മതിലിന്റെ അപ്പുറത്ത് പതുങ്ങി നില്‍പ്പുണ്ടാകും ..ഞാന്‍ അടുക്കളയിലേക്ക് പോകുമ്പോ എല്ലാം ഇവിടെ എത്തിക്കോളും..”

പറഞ്ഞു തീരേണ്ട താമസം ഒരു കുരിപ്പിന്റെ തല മതിലിന്റെ മുകളിലൂടെ ഒന്നു പൊങ്ങിത്താണു. മമ്മി തിരിച്ചു പോയോന്നു ഉറപ്പു വരുത്താന്‍..

“കേറി പോരടാ പിള്ളേരേ..വന്നാ ഇവിടെ അടങ്ങിഒതുങ്ങി നിന്നോണം..ഒരെണ്ണം ഈ ചെടിത്തോട്ടത്തില്‍ കയറിപ്പോകരുത്..”

മമ്മി ഇതു പറഞ്ഞു തീരേണ്ട താമസം ..ആറെണ്ണവും മുറ്റത്ത് വീണ്ടും പ്രത്യക്ഷപെട്ടു.!

“നീയും സിനുക്കുട്ടനും പണ്ട് ഇതു തന്നെയായിരുന്നില്ലേ പരിപാടി.. ക്രിസ്മസിന്റെ തലേന്നു തെക്കേക്കോലായില്‍ പോയി കാലത്തു മുതല്‍ തൂങ്ങിപ്പിടിച്ച് നില്‍പ്പായിരിക്കും..അവടെ സോജപ്പന്‍ എങ്ങനെ പുല്‍കൂട് ഉണ്ടാക്കുന്നു,അതു പോലെ തന്നെ ഇവിടെയും വന്ന് ഉണ്ടാക്കാന്‍ തുടങ്ങും..”

“ഉം..എനിക്കോര്‍മ്മയുണ്ട്..സോജപ്പന്‍ മരിച്ചിട്ട് ഇപ്പോ പത്തു പതിനഞ്ച് കൊല്ലം ആയിക്കാണും ,അല്ലേ? എന്തു പെട്ടെന്നാ വര്‍ഷങ്ങള്‍ കഴിഞ്ഞു പോണതല്ലേ?..”

പത്തു പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ്‍ സോജപ്പന്‍ മരിച്ചത്.. സോജപ്പന്‍ മരിക്കുമ്പോ ഞാന്‍ മൂന്നിലോ നാലിലോ ആണെന്നാണെന്റെ ഓര്‍മ്മ..ഞങ്ങളുടെ തൊട്ടു തെക്കേ വീട്ടിലെ മേറിച്ചേടത്തിയുടെ മക്കളില്‍ മൂത്തവന്‍ ആയിരുന്നു ..ഇളയവന്‍ സിജോയ്ക്ക് എന്റെ പ്രായം ആണ്‌..

മേറിച്ചേടത്തിയുടെ കെട്ടിയോന്‍ ഒരു കുഞ്ഞുവറീത് ചേട്ടനുണ്ടായിരിന്നു..ഇവര്‍ക്ക് പണ്ടെപ്പഴോ കൊന്തകെട്ട് കച്ചവടം ഉണ്ടായിരുന്നത്രേ.. അന്നൊക്കെ കൊന്തയുടെ കെട്ടുകമ്പിക്ക് തിളക്കം കിട്ടാന്‍ അത് കോണ്‍സെന്റ്രേറ്റഡ് സള്‍ഫ്യൂരിക്കാസിഡില്‍ മുക്കിയെടുക്കണം.. ഈ സോജപ്പനു നാലോ അഞ്ചോ വയസ്സുള്ളപ്പോ എന്നോ ഒരു ദിവസം കുഞ്ഞുവറീത് ചേട്ടനു കയ്യബദ്ധം പറ്റി ഈ ആസിഡ് ഒരു ബോട്ടില്‍ മുഴുവന്‍ മറിഞ്ഞു വീണത് താഴെ നിന്നിരുന്ന സോജപ്പന്റെ ദേഹത്തേകായിരുന്നു.. സോജപ്പന്റെ കഴുത്തും തോളും കൂടി ഉരുകിപ്പിടിച്ചു. കുഞ്ഞുന്നാളില്‍ തന്നെ കുറെ ചികില്സ നടത്തിയെങ്കിലും ഒന്നും ചെയ്യാന്‍ പറ്റാത്ത തരത്തില്‍ ആയിരുന്നു ആ പരിക്ക്.. മകനു വേണ്ടി ചികില്സ നടത്തി കടംകേറി ഒരു ദിവസം കൊച്ചുവറീത് ചേട്ടന്‍ എങ്ങോട്ടോ പോയിക്കളഞ്ഞു..6 വയസ്സുള്ള സോജപ്പനും പിന്നെ അന്ന് സിജോ തീരെ പൊടിക്കൊച്ചും!

“എടാ.. സിജോ വന്നിട്ടുണ്ടെന്ന് മേറിച്ചേടത്തി പറയുന്ന കേട്ടു..നീ കണ്ടായിരുന്നാ? ”

“ഇല്ല..ഞാന്‍ ഇപ്പൊ അവരുടെ കാര്യം ആലോചിക്കുവാരുന്നു.. സിജോയുടെ പഠിത്തം കഴിഞ്ഞിട്ടുണ്ടാവണമല്ലോ..പരപ്പിലെ ആദ്യത്തെ ഡോക്ടര്‍..മേറിച്ചേടത്തി വീട്ടുവേലക്ക് പോയിട്ടാണെങ്കിലും മോനെ ഒരു ഡോക്ടറാക്കി! ഞാനിപ്പ ജസ്റ്റ് ഒന്നു അവിടം വരെ പോയിട്ടു വരാം മമ്മീ.. വാടാ പിള്ളേരെ..” ഞാന്‍ തെക്കേക്കോലായിലേക്ക് നടന്നു..

സിജോയും പുല്‍കൂട് പണിയില്‍ തന്നെയായിരുന്നു.. ഞാന്‍ വരുന്നത് കണ്ട് സിജോ എന്റെ അടുത്തേക്ക് ഓടി വന്നു.!

“ഡാക്കിട്ടര്‍ സാറേ..നിന്നെ കാണാന്‍ കിട്ടുന്നിലല്ലോടേ…”

“എക്സാംസ് ആയിരുന്നു വിനുച്ചേട്ടാ..ഇപ്പോഴും സ്റ്റഡിലീവ് തന്നെയാ..”

“പുല്കൂട് കെട്ടിക്കൊണ്ടിരിക്കുവാരുന്നു ഞാനും..സോജപ്പന്റെ കാര്യം അപ്പോ ഓര്‍മ്മ വന്നു..ചേട്ടായി മരിച്ചിട്ട് ഇപ്പൊ പത്തുപതിനഞ്ച് കൊല്ലം ആവാറായല്ലേടാ..?” ഞാന്‍ ചോദിച്ചു..

“ഉം..നാളെയാ ചേട്ടായി മരിച്ചതിന്റെ ഓര്‍മ്മ ദിവസം.. ഡിസംബര്‍ 24..”

എനിക്ക് ഓര്‍മ്മകള്‍ വീണ്ടും കടന്നുവന്നു..

സോജപ്പന്‍..പരപ്പിലൂടെ സ്ഥിരം ഒരു പാട്ട ഇരുമ്പു സൈക്കിളും ചവിട്ടി നടക്കുന്നത് കാണമായിരുന്നു..ഇവന്‍ പഠിക്കാനൊന്നും പോയിട്ടില്ല..അപ്പന്‍ നാടുവിട്ടുപോയതാണൊ അതോ എവിടെയെങ്കിലും അജ്ഞാത ശവമായി ഒടുങ്ങിയതാണോ എന്നൊന്നും അവനുറപ്പില്ല.. ഇളയവനെ പഠിപ്പിക്കാനുള്ള ചെലവും നിത്യം അരിക്കുള്ള വകയും അമ്മച്ചിയേക്കൊണ്ട് കൂട്ടിയാ കൂടില്ല എന്നറിഞ്ഞപ്പോ സോജപ്പനും പണിക്കിറങ്ങി,എട്ടാം വയസ്സില്‍.. നാക്കിന്‌ പൂര്‍ണ്ണമായ ചലന ശേഷി ഇല്ലാത്തതു കൊണ്ട് ഇവന്‍ സംസാരിക്കുന്നത് മനസ്സിലാക്കിയെടുക്കാനൊക്കെ വലിയ ബുധിമുട്ടായിരുന്നു..

എനിക്കോര്‍മ്മ ഉള്ളപ്പോഴൊക്കെ സോജപ്പന്‍ സ്ഥിരം ഞങ്ങളുടെ തറവാട്ടിലെ ഒരു അന്തേവാസിയായിരുന്നു.. എന്റെ അമ്മൂമ്മ ഉണ്ടായിരുന്നപ്പോ ഇവനു എന്നും കാലത്തെ എന്തേലും തിന്നാനൊക്കെ കൊടുക്കും..പിന്നെ ചന്തയില്‍ പോക്ക്,അരിപൊടിപ്പിക്കല്‍ ഒക്കെ ഇവന്‍ ചെയ്തോളും.. ഒരു പാട്ട സൈക്കിളുമുണ്ട് കൂട്ടിന്.. അമ്മൂമ്മ ഇവനു കാശായിട്ട് എന്തേലും ഒക്കെ നല്ലവണ്ണം കൊടുക്കും..ഇവന്‍ അതെല്ലാം കൊണ്ടുപോയി അമ്മച്ചിയെ എല്പ്പിക്കുകേം ചെയ്യും.!

“എന്താലോചിച്ച് നില്‍ക്കുവാ..”

“ഏയ്..നിന്റെ ചേട്ടായിടെ കാര്യം ആലോചിച്ചതാ..സോജപ്പന്‍ ഒരു പാട്ട സൈക്കിളും ഒക്കെ തള്ളി തറവാട്ടില്‍ വരുന്നതൊക്കെ..പിന്നെ മമ്മി ഇപ്പൊകൂടി പറഞ്ഞതേയുള്ളൂ.. സോജപ്പന്‍ പുല്‍കൂട് കെട്ടുന്നത് നോക്കി നില്‍ക്കാന്‍ ഞാനും സിനുക്കുട്ടനും കൂടി ഇങ്ങൊട്ട് വന്നു നില്‍ക്കുന്ന കാര്യമൊക്കെ..”

“വിനുച്ചേട്ടനു അറിയോ..ചേട്ടായി മരിക്കുന്ന അന്നും ഒരു പുല്‍കൂട് കെട്ടി പകുതിയാക്കി നിര്‍ത്തിയേക്കുവായിരുന്നു..”

“ഉം..എനിക്ക് ഓര്‍മ്മയുണ്ടടാ..”

“അന്നു ചേട്ടായീം ഞാനും കൂടി പുല്ലു പറിക്കാന്‍ പോയതായിരുന്നു.. പുല്‍കൂടിനു നെലത്തു പാകാന്‍..ചേട്ടായി എന്നോട് വരണ്ടാ വരണ്ടാ ന്ന് പറഞ്ഞതാ.. പിന്നെ ഞാന്‍ വാശി പിടിച്ചപ്പോ എന്നേം കൂടെ കൊണ്ടുപോയി..ആ കുട്ടന്ചാലി പാടത്തിന്റെ അടുത്ത്..ചേട്ടായി പുല്ലു ചെത്തിക്കൊണ്ടിരിക്കുമ്പോ ഞാന്‍ കണ്ടല്‍ മരം ഒക്കെ നില്ക്കുന്ന സ്ഥലത്തേക് ഓടി..ചേട്ടായി കാണാതെ..എന്നെകാണാഞ്ഞപ്പോ ചേട്ടായി എന്നെ അന്വേഷിച്ച് വന്നതാ..എന്റെ പുറകില്‍ ഒരു അണലിപ്പാമ്പ് കെടക്കുന്നത് ചേട്ടായി കണ്ടു.. ഓടി വന്നു എന്നെ എടുത്റ്റു പൊക്കിപ്പിടിച്ചോണ്ട് തിരിച്ചോടാന്‍ നോക്കിയതാ.. പാമ്പ് ചേട്ടായിടെ കാലില്‍ കടിച്ചുതൂങ്ങി..ചേട്ടായി എന്നേം പൊക്കിപ്പിടിച്ച് ഓടുകയായിരുന്നു..ചേട്ടായി ആ ഓട്ടം വീടു വരെ എത്തി, ബോധം പോകുന്ന വരെ എന്നെ പൊക്കി പിടിച്ചേക്കുവായിരുന്നുവെന്ന്..”

ഡിസംബര്‍ 24.. സോജപ്പന്‍ മരിച്ചിട്ട് നാളെ 16 വര്‍ഷം തെകയുന്നു..!
നിഷ്കളങ്കമായി സ്നേഹിക്കാന്‍ അറിയാവുന്നവരുടെ മാത്രമാവട്ടെ ഈ ക്രിസ്മസ്..!
മെറി ക്രിസ്മസ്..!


download_pdf

Advertisements

32 thoughts on “തീരാത്ത പുല്‍ക്കൂടുകള്‍!

 1. അവനവന്‍റ്റെ പറമ്പില്‍ പല്ലുതേച്ച് തുപ്പി ഇടുന്നതിന്റെ സുഖം കണ്ട വാഷ്ബേസിനില്‍ ഒന്നും തുപ്പിയാ കിട്ടൂല്ല.

  സത്യം അന്യയായ സത്യം….

  സങ്കടപ്പെടുത്തിയല്ലോ വിനു. ആ ആത്മാവ് സ്വര്‍ഗ്ഗത്തിലിരുന്ന് ഇത് കാണുന്നുണ്ടാവും, അവനെ ഇന്നും നിങ്ങള്‍ ഓര്‍ക്കുന്നുവെന്നോര്‍ത്ത് സന്തോഷിപ്പിക്കുന്നുണ്ടാവും…..

 2. വിനു ഇന്നലെ ടിവിയില്‍ വരാപ്പുഴ ശ്രീദുര്‍ഗ്ഗ തിയേറ്റര്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ എന്നൊരു ന്യൂസ് കണ്ടു.

  ഞാനപ്പോള്‍ വിനുവിനെ ഓര്‍ത്തു, നിങ്ങളുടെ നാട്ടിലല്ലേ ആ തിയേറ്റര്‍

 3. നന്നായി വിനൂ.
  സ്നേഹം.. സ്നേഹം മാത്രമാകട്ടെ ലോകമെങ്ങും.
  വിനുവിനും കുടുംബത്തിനും.. പിന്നെ പരപ്പിലെ എല്ലാ കുരിപ്പുകള്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍

 4. വെക്കേഷന്‍‌ കഴിഞ്ഞു ഇന്നു ഉയിര്‍ത്തെഴുന്നേറ്റതേ ഉള്ളു… പോസ്റ്റ് വായിച്ചു.. ആ എംബഡഡ് സിസ്റ്റത്തിനുള്ളിലും ഒരു വേദനിക്കുന്ന ഹൃദയം ഉണ്ടല്ലേ..? പുതുവത്സരാശംസകള്‍‌!

 5. ഞാന്‍ താങ്കളുടെ ബ്ലോഗുകള്‍ സ്ഥിരം വായിക്കുന്ന ആളാണ്‌. നല്ല ഒരു ഓര്‍മ്മക്കുറിപ്പ്‌. ക്രിസ്മസ് ആശംസകള്‍..
  OT : ഈ font color / background color ഒന്ന് ശരിയാക്കിയാല്‍ നന്നായിരുന്നു.. ഇന്ന് തന്നെ MS Word-il കോപ്പി ചെയ്താ വായിച്ചേ.. Sorry to say this..

 6. കൊള്ളാം…നന്നായിട്ടുണ്ട്. ദൈവം തീര്‍ച്ചയായും അനുഗ്രഹിക്കും. (മൊത്തം ചില്ലറ പറഞ്ഞാല്‍ അതിനപ്പുറമില്ല!!)

 7. വിനൂ…. കണ്ണു നനയിച്ചു…. നിഷ്കളങ്കമായി സ്നേഹിക്കാന്‍ അറിയാവുന്നവരുടെ മാത്രമാവട്ടെ ഈ ലോകം….ക്രിസ്തുമസ് പുതുവല്‍സര ആശംസകള്‍… വിനുവിനും കുടുംബത്തിനും.. .

 8. ഹോ… നിന്നെ സമ്മതിച്ചിരിക്കുന്നു. ദൈവം നിന്നെ ഓള്‍റെഡി അനുഗ്രഹിച്ചിട്ടുണ്ട്.. കൂടുതല്‍ കൂടുതല്‍ അനുഗ്രഹിക്കുമാറാകട്ടെ..
  നല്ല ജീവസ്സുറ്റ കഥകള്‍ ..പോരട്ടങ്ങനെ പോരട്ടേ…

 9. വായിച്ചു കണ്ണ് നിറഞ്ഞു ..
  വിനു … ഇത് നിന്റെ ഭാവന മാത്രമായിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ..

 10. വായിക്കാന്‍ ഉണ്ടായ മനസ്സിന് മുന്നില്‍ ഒരുപാട് നന്ദി … എല്ലാവര്ക്കും ..ബ്ളോഗ് ഇല്‍ കമന്റ്‌ ഇട്ടതു കൂടാതെ നേരിട്ട് അഭിപ്രായം അറിയിച്ച സുഹൃത്തുക്കള്‍ക്കും ..
  കഥാപാത്രങ്ങള്‍ വ്യത്യസ്തമാനെങ്കിലും ഇതൊരു നടന്ന കഥയാണ്‌ .. അനിയനെ പാമ്പ് കടിക്കാന്‍ വരുന്നത് കണ്ടു എടുത്തു ഉയര്തിപിടിചിട്റ്റ് പാമ്പിന്റെ കടി മൊത്തം നിന്ന് കൊണ്ട ഒരു ചേട്ടന്‍.. ഹാപ്പി ക്രിസ്മസ് ആന്‍ഡ്‌ ഹാപ്പി ന്യൂഇയര്‍..

 11. വിഷമമായി എങ്കിലും നന്നായിട്ടുണ്ട്.. സഹോദര സ്നേഹത്തിനു നല്ലൊരു ഉദാഹരണം ..

 12. വിനൂന്റെ ബ്ലോഗ് അടുത്തിടെ ആണു കണ്ടത്.. വായിക്കാൻ നല്ല രസമുണ്ട്. ഞാനും വരാപ്പുഴക്കാരൻ തന്നെയാ. ഓരോരോ നാട്ടുകാർ നാട്ടിലെ കതകളും കൊണ്ടു ബ്ലോഗ് എഴുതുമ്പ്പൊൽ വരാപ്പുഴയുടെ മാനം നിങ്ങ കാത്ത്.. ടെന്നിസ് തുണ്ടത്തും കടവ്, ഇസ്രൊ തുമ്പ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w